കർദിനാൾ ആലഞ്ചേരി

കർദിനാൾ ആലഞ്ചേരിയെ ഒരിടവകയിലും കടക്കാൻ അനുവദിക്കില്ലെന്ന് അൽമായ മുന്നേറ്റം

കൊച്ചി: സഭയിൽ ജനാഭിമുഖ കുർബാന അവകാശമായി നൽകുന്നത് വരെ സന്ധിയില്ലാ സമരം നടത്തുമെന്ന് അൽമായ മുന്നേറ്റം. 12 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മേജര്‍ ആര്‍ച്ച് ബിഷപ്പി‍െൻറ ഭൂമിയിടപാട് കള്ളത്തരങ്ങൾ കെ.പി.എം.ജി റിപ്പോര്‍ട്ടിലൂടെ അറിഞ്ഞിട്ടും കാനോന്‍ നിയമത്തി‍െൻറ പഴുതുകള്‍ ഉപയോഗിച്ച് സംരക്ഷിക്കുന്ന പൗരസ്ത്യ കാര്യാലയമാണ് ഇപ്പോള്‍ കുർബാന ഏകീകരണ വിഷയത്തിൽ വളച്ചൊടിച്ച വ്യാഖ്യാനങ്ങളുമായി എത്തിയിരിക്കുന്നതെന്ന് അവർ ആരോപിച്ചു.

കലൂർ റിന്യൂവൽ സെൻററിൽ ഞായറാഴ്ച ചേരുന്ന അതിരൂപത തല യോഗത്തിൽ സമര പരിപാടികൾ പ്രഖ്യാപിക്കും. ഐക്യം നശിപ്പിച്ച് കുര്‍ബാന അര്‍പ്പണത്തില്‍ ഐക്യരൂപം അടിച്ചേൽപ്പിക്കരുതെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനം അവഗണിച്ച് മനഃപൂര്‍വം ഇടവകകളില്‍ വിഭാഗീയതയും അരക്ഷിതാവസ്ഥയും സൃഷ്​ടിക്കുന്ന കര്‍ദിനാള്‍ ആലഞ്ചേരിയെ ഇനി ഒരിടവകയിലും കടക്കാന്‍ സമ്മതിക്കില്ല. പട്ടം കൊടുക്കാനും മറ്റും തങ്ങളുടെ ഇടവകകളില്‍ വരുന്ന കര്‍ദിനാളിനെ എന്തു വിലകൊടുത്തും തടയും. തെക്കന്‍ രൂപതകളില്‍നിന്നും തങ്ങളുടെ ഇടവകകളില്‍ വന്ന്​ താമസിക്കുന്നവരെ പണവും സ്വാധീനവും ഉപയോഗിച്ച് വശത്താക്കി സിനഡ് കുര്‍ബാനക്ക് അണി നിരത്തുന്ന തന്ത്രം ഇനി കണ്ടില്ലെന്ന്​ നടിക്കില്ല. അത്തരക്കാരെ തങ്ങള്‍ ഇടവകകള്‍ തോറും ഒറ്റപ്പെടുത്തും.

ജനാഭിമുഖ കുര്‍ബാനക്ക് വിരുദ്ധമായി നിലപാടെടുത്ത് സിനഡ് കുര്‍ബാന അര്‍പ്പിക്കാന്‍ പള്ളി വികാരിമാരെയോ മറ്റു സന്ന്യാസവൈദികരെയോ അനുവദിക്കില്ല. ഇനിമുതല്‍ ജനാഭിമുഖ കുര്‍ബാനയോട് പുറംതിരിഞ്ഞ് നിൽക്കുന്ന സിനഡ് പിതാക്കന്മാരെ തങ്ങള്‍ ആദരിക്കുകയോ അംഗീകരിക്കുകയോ ഇല്ലെന്നും മെത്രാപ്പോലീത്തൻ വികാരി ആർച് ബിഷപ് ആൻറണി കരിയിലിന് സമർപ്പിച്ച കത്തിൽ പാസ്​റ്ററൽ കൗൺസിൽ സെക്രട്ടറി പി.പി. ജരാർദ്, അൽമായ മുന്നേറ്റം കൺവീനർ അഡ്വ. ബിനു ജോൺ, സെക്രട്ടറിമാരായ ജോമോൻ തോട്ടപ്പുള്ളി, ബോബി ജോൺ, പി.ആർ.ഒ റിജു കാഞ്ഞുക്കാരൻ എന്നിവർ വ്യക്തമാക്കി.

Tags:    
News Summary - Almaya Munnettam against Cardinal Alencherry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.