ഒ​​രുമാസമായി തുറക്കാത്ത ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി നഗരസഭയുടെ ‘ആത്മാർഥത’

ആലുവ: ഒരുമാസമായി തുറക്കാത്ത ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി ആലുവ നഗരസഭ ''ആത്മാർഥത'' തെളിയിച്ചു. ഹോട്ടൽ ഭക്ഷണങ്ങളിലെ വിഷബാധ വിവാദങ്ങൾക്കിടെയാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. പതിവ് പോലെ പരിശോധനകൾ ശക്തമാക്കുമെന്ന പൊതുവായ മുന്നറിയിപ്പ് നൽകിയാണ് പരിശോധന പ്രഹസനം നടത്തിയത്. ഇതിനിടയിലാണ് ഒരു മാസമായി അടഞ്ഞുകിടക്കുന്ന ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയതായി പ്രചരിപ്പിച്ച് ഉദ്യോഗസ്ഥരടക്കമുള്ളവർ ജോലിയോടുള്ള ‘ഉത്തരവാദിത്തം’ കാണിച്ചത്. വിവിധ ഹോട്ടലുകളിൽനിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണം നഗരസഭ കാര്യാലയത്തിൽ പ്രദർശിപ്പിച്ചിരുന്നു.

ഓരോ ഹോട്ടലിൽ നിന്നും പിടിച്ചെടുത്ത ഭക്ഷണങ്ങളുടെ പാത്രങ്ങളിൽ ഹോട്ടലുകളുടെ പേരും എഴുതി പ്രദർശിപ്പിച്ചിരുന്നു. ഇതിലാണ് ഒരുമാസമായി അടഞ്ഞുകിടക്കുന്ന, ബൈപാസ് കവലയിലെ കഫെ 41 എന്ന ഹോട്ടലിന്റെ പേരും എഴുതി പ്രദർശിപ്പിച്ചത്. പഴകിയ ഭക്ഷണങ്ങൾ പിടികൂടിയതുമായി ബന്ധപ്പെട്ട പത്ര വാർത്തകളിലാണ് തങ്ങളുടെ സ്ഥാപനത്തിൻറെ പേര് തെറ്റായി വന്ന കാര്യം ഉടമകൾ അറിയുന്നത്. ഇതേ തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ, തങ്ങൾ ഈ ഹോട്ടലിനെ കുറിച്ച് പറഞ്ഞിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ ഹോട്ടൽ ഉടമകളോട് പറഞ്ഞത്. പിന്നാലെ, ഇവർ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് നഗരസഭയിൽ പ്രദർശിപ്പിച്ച പഴകിയ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ തങ്ങളുടെ ഹോട്ടലിന്റെ പേര് എഴുതിയ ഫോട്ടോ സംഘടിപ്പിച്ചു. ഇക്കാര്യം നഗരസഭ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, തങ്ങൾക്ക് തെറ്റുപറ്റിയതാണെന്നും ക്ഷമിക്കണമെന്നും അപേക്ഷിച്ച് അവർ തടിയൂരുകയായിരുന്നു.

ആലുവ നഗരസഭ ആരോഗ്യ വിഭാഗത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ച് പരാതികൾ വ്യാപകമാണ്. ഇതിനിടയിലാണ് ഒരു വ്യാപാര സ്ഥാപനത്തിന് മാനക്കേടുണ്ടാക്കി വിവാദത്തിൽപ്പെട്ടത്.

ആലുവ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പിടികൂടിയ പഴകിയ ഭക്ഷണ സാധനങ്ങൾക്കൊപ്പം തെറ്റായി പ്രദർശിപ്പിച്ച കഫെ 41 ഹോട്ടലിന്റെ പേര്

Tags:    
News Summary - Aluva Municipality seized stale food from closed hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.