മലപ്പുറം: അമൽ വേറെ ലെവലാ. അവന്റെ സ്മാർട്ട്നസിന് കേരളത്തിലെ ഏതാണ്ടെല്ലാ മന്ത്രിമാരും മുഖ്യമന്ത്രിയും ജില്ല കലക്ടറും കൈകൊടുത്ത ദിനമായിരുന്നു ഇന്നലെ. മലപ്പുറത്തെ വുഡ്ബൈൻ ഹോട്ടലിന്റെ വരാന്തയിൽ ചക്രക്കസേരയിലിരുന്ന് അവൻ പരിമിതികളെല്ലാം മറന്ന് തന്റെ നേട്ടങ്ങളെക്കുറിച്ച് ഓരോ മന്ത്രിമാരോടും സംസാരിച്ചു. എല്ലാവരും അവന്റെ ‘സ്മാർട് സ്റ്റോറി’ കേൾക്കാൻ തയാറായി. മന്ത്രിമാരെല്ലാം കൂടെ പടമെടുത്തു. മിടുക്കനായ അമലിനെ സ്നേഹപൂർവം തലോടി. നിരവധി അവാർഡുകൾ വാരിക്കൂട്ടിയ അമലിനെ മിക്ക മന്ത്രിമാർക്കും നേരത്തെ അറിയാം.
90 ശതമാനം സെറിബ്രൽ പാൾസി ബാധിതനായ അമലിന്റെ നേതൃത്വത്തിൽ രൂപകൽപന ചെയ്ത നെക്സ്റ്റ് ജനറേഷൻ വീൽചെയർ, ടോട്ടൽ എക്സർസൈസ് ഡിവൈസ്, ടി.എൽ.എം ഫോർ എം.ആർ കിഡ്സ് എന്നീ ഉൽപന്നങ്ങൾക്ക് പേറ്റന്റ് ലഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വലബാല്യം അവാർഡ് ജേതാവ് കൂടിയായ അമൽ സംസാര, പഠന വൈകല്യങ്ങൾ അതിജീവിച്ച് ജനറൽ കാറ്റഗറിയിലുള്ള വിദ്യാർഥികളോട് മത്സരിച്ച് നേട്ടം കൊയ്തിരുന്നു. നിരവധി ശസ്ത്രക്രിയകൾ ഇതിനകം കഴിഞ്ഞു. പഞ്ചഗുസ്തിയിൽ ദേശീയചാമ്പ്യനാണ്. മകന് ഇരിക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നെന്ന് പിതാവ് ഇഖ്ബാൽ പറഞ്ഞു. 18 വയസ്സുള്ള അമൽ പുളിക്കൽ വി.സി. ഹൗസിലാണ് താമസം. ജെ.ഡി.റ്റിയിൽ പ്ലസ് ടു വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.