തൊടുപുഴ: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുള്ളരിങ്ങാട് അമേല്‍തൊട്ടി പാലിയത്ത് ഇബ്രാഹിമിന്റെ മകന് അമര്‍ ഇബ്രാഹിമിന് (22) നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. തൊടുപുഴ ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ച മൂന്നോടെയാണ് വീട്ടിലേക്ക് കൊണ്ടുപോയത്.
പുലർച്ച നാലോടെ വീട്ടിലെത്തുമ്പോള്‍ മുള്ളരിങ്ങാട് അമേല്‍തൊട്ടി തേക്കിന്‍കൂപ്പിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അമറിന്റെ വീട് സങ്കടക്കടലായി. മകനെയോർത്ത് വിലപിക്കുന്ന മാതാപിതാക്കളെയും നെഞ്ച് പൊട്ടിക്കരയുന്ന സഹോദരിയെയും എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് കൂടിനിന്നവർക്കും അറിയില്ലായിരുന്നു.
രാവിലെ 8.30 വരെയായിരുന്നു പൊതുദർശനം. നാടൊന്നാകെ അമറിന്റെ കുഞ്ഞുവീട്ടിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പള്ളി പരിപാലന കമ്മിറ്റി അംഗം കൂടിയായിരുന്നു അമർ. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് സമൂഹത്തിന്റെ നാനാ തുറകളില്‍നിന്നുള്ള നൂറുകണക്കിനാളുകള്‍ അമറിന് അന്തിമോപചാരമര്‍പ്പിച്ചു.
വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് മുള്ളരിങ്ങാട് മുഹ്യിദ്ദീന് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടന്നത്. തുടര്‍ന്ന് സര്‍വകക്ഷി നേതൃത്വത്തില്‍ ചുള്ളിക്കണ്ടം സെക്ഷന്‍ ഫോറസ്റ്റ് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു.
നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ചില്‍ വനം വകുപ്പിനെതിരെ ജനരോഷം അലയടിച്ചു. വന്യമൃഗ ശല്യം പരിഹരിക്കാത്ത അധികൃതരുടെ നിസ്സംഗതക്കെതിരെ മുദ്രാവാക്യമുയർന്നു. മന്ത്രി റോഷി അഗസ്റ്റിന്, ഡീന്‍ കുര്യാക്കോസ് എം.പി, എം.എല്‍.എമാരായ പി.ജെ. ജോസഫ്, മാത്യു കുഴല്നാടന്, ആന്റണി ജോണ്‍ തുടങ്ങിയവര്‍ അമറിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.