ഉടുപ്പഴിച്ച് കയറേണ്ട ക്ഷേത്രങ്ങളിൽ അങ്ങനെ തന്നെ പോണം; മുസ്‍ലിം, ക്രിസ്ത്യൻ ആചാരങ്ങൾ മാറ്റാൻ ആരെങ്കിലും ധൈര്യപ്പെടുമോ​?

പെരുന്ന: ക്ഷേത്രത്തിൽ മേൽമുണ്ട് ധരിച്ച് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ക്രിസ്ത്യാനികൾക്കും മുസ്‍ലിം സമുദായങ്ങൾക്കും അവരവരുടെ ആചാരങ്ങൾ ഉണ്ട്. വസ്‍ത്രധാരണത്തിലും മറ്റും അവർക്ക് അവരുടെതായ നടപടിക്രമങ്ങളുണ്ട്. അതൊക്കെ വിമർശിക്കാൻ ഇവിടത്തെ മുഖ്യമന്ത്രിക്കോ ശിവഗിരി മഠത്തിനോ ധൈര്യമുണ്ടോയെന്നും സുകുമാരൻ നായർ ചോദിച്ചു.

ക്ഷേത്രങ്ങളിൽ ഉടുപ്പിട്ട് കയറണമെന്ന് ചില കൂട്ടരങ്ങ് നിശ്ചയിച്ചു. ഇത്തരം കാര്യങ്ങളെ മുഖ്യമന്ത്രി പിന്തുണക്കാൻ പാടില്ലായിരുന്നു. എല്ലാ ക്ഷേത്രങ്ങൾക്കും അതിന്റെ ആചാരങ്ങൾ ഉണ്ട്. ഓരോ ക്ഷേത്രങ്ങളുടെയും ആചാരാനുഷ്ഠാനങ്ങൾക്ക് അനുസരിച്ച് പോകാൻ സാധിക്കണം. കാലങ്ങളായി തുടരുന്ന ആചാരങ്ങൾ മാറ്റണമെന്ന് എന്തിനാണ് പറയുന്നത്. അതാണ് എൻ.എസ്.എസിന്റെ അഭിപ്രായവും. ഉടുപ്പില്ലാത്ത ക്ഷേത്രത്തിൽ ഉടുപ്പില്ലാതെ തന്നെ പോകണം. ഹിന്ദുവിന്റെ നേരെ എല്ലാം അടിച്ചേൽപിക്കാമെന്ന തോന്നലും പിടിവാശിയും അംഗീകരിക്കാനാകില്ലെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

ക്ഷേത്രങ്ങളില്‍ ഉടുപ്പഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം അന്ധാചാരങ്ങള്‍ നീക്കാന്‍ ശ്രീനാരായണീയ സമൂഹം ഇടപെടണമെന്നും ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു. ശിവഗിരി തീര്‍ഥാടന മഹോത്സവ സമ്മേളനത്തിലായിരുന്നു സ്വാമി സച്ചിദാനന്ദയുടെ പരാമര്‍ശം. ശ്രീനാരായണ ക്ഷേത്രങ്ങള്‍ മാത്രമല്ല മറ്റ് ആരാധനാലയങ്ങളും ഭാവിയില്‍ ഈ നിര്‍ദേശം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങില്‍ പറഞ്ഞിരുന്നു. അതിനെതിരെയാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി രംഗത്തുവന്നത്.

Tags:    
News Summary - G Sukumaran Nair replied to the Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.