മലപ്പുറം: കോട്ടക്കൽ എടരിക്കോട്ടെ നബീൽ നാഷിദ് ആമസോണിൽനിന്ന് അബദ്ധത്തിൽ 'സ്വാതന്ത്ര്യദിന സമ്മാനമായി' ഫോൺ കിട്ടിയ സന്തോഷത്തിലാണെങ്കിൽ, ഇവിടെ തിരൂർക്കാട് ഇർഷാദ് മേലേതിൽ എന്നയാൾ ആമസോണിൽ നിന്ന് 'മുട്ടൻ പണി' കിട്ടിയ സങ്കടത്തിലാണ്. ചുമരിൽ ഫിറ്റ് ചെയ്യുന്ന 1700 രൂപയുടെ ക്രോംപ്റ്റൺ ഫാൻ ആയിരുന്നു ഇർഷാദ് ആമസോണിൽ ഓർഡർ ചെയ്തത്. എന്നാൽ, ഇതിനുപകരം 199 രൂപയുടെ ലൈഫ് ബോയ് ഹാൻഡ് വാഷ് പാക്കറ്റാണ് കമ്പനി പാർസലായി അയച്ചുകൊടുത്തത്.
ആഗസ്ത് ഏഴിനാണ് ഇർഷാദ് ഫാൻ ബുക്ക് ചെയ്തത്. ആഗസ്ത് 15ന് പാർസൽ വീട്ടിലെത്തി. വിതരണക്കാരൻ പോയ ശേഷം പെട്ടി തുറന്നപ്പോഴാണ് സാധനം മാറിയ കാര്യം അറിഞ്ഞത്. ഉടൻ തന്നെ കമ്പനിയിൽ റിപ്പോർട്ട് ചെയ്തതായി അദ്ദേഹം 'മാധ്യമം ഓൺലൈനി'നോട് പറഞ്ഞു. കൂടാതെ ഫേസ്ബുക്കിലും ട്വിറ്ററിലും ചിത്ര സഹിതം വിഷയം പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
'തൻെറ ആരോഗ്യസംരക്ഷണത്തിൽ ഇത്രയധികം കരുതൽ കാണിക്കുന്ന നിങ്ങളെ അഭിനന്ദിക്കുന്നു' എന്ന കുറിപ്പോടെ ആമസോണിനെ ടാഗ് ചെയ്താണ് ഇർഷാദ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. അമളി പിണഞ്ഞതിൽ ക്ഷമ ചോദിച്ച കമ്പനി അധികൃതർ, വിഷയം ഉടൻ പരിഹരിക്കാമെന്ന് കമൻറ് ചെയ്തിട്ടുണ്ട്.
1400 രൂപയുടെ പവർബാങ്ക് ഓർഡർ ചെയ്ത കോട്ടക്കൽ എടരിക്കോട് സ്വദേശി നബീൽ നാഷിദിന് അതിനുപകരം 8,000 രൂപ വിലമതിക്കുന്ന ഫോൺ ലഭിച്ചത് സംബന്ധിച്ച് 'മാധ്യമം ഓൺലൈൻ' വാർത്ത നൽകിയിരുന്നു. അബദ്ധം പറ്റിയത് നബീൽ ആമസോണിനെ അറിയിച്ചപ്പോൾ 'ആ ഫോൺ താങ്കൾ തന്നെ ഉപയോഗിേച്ചാളൂ' എന്നായിരുന്നു അവരുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.