കൽപറ്റ: വയനാട് അമ്പലവയലില്‍ തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും മര്‍ദ്ദനമേറ്റ സംഭവത്തിൽ മുഖ്യപ്രതി സജീവാനന്ദെൻറ കൂട്ടാളി അറസ്റ്റിൽ. കേസിലെ രണ്ടാം പ്രതിയായ വിജയകുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അമ്പലവയലിൽ ലോഡ്ജ് നടത്തിയിരുന്ന വിജയകുമാറിനെ തിരുവനന്തപുരം നേമത്തുനിന്നാണ് പൊലീസ് പിടികൂടിയത്.
വിജയകുമാർ നടത്തിയിരുന്ന ലോഡ്ജിൽ വച്ചാണ് യുവതിയും യുവാവും സദാചാര ഗുണ്ടായിസത്തിന് ഇരയായത്. സജീവാനന്ദനൊപ്പം ഇയാൾ ലോഡ്ജിലെത്തി യുവതിയെ ശല്യം ചെയ്‌തെന്നാണ് കേസ്.
ഊട്ടി സ്വദേശിയായ യുവാവും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയും അമ്പലവയലില്‍ എത്തി ലോഡ്ജില്‍ താമസിക്കുമ്പോള്‍ സജീവാനന്ദനും വിജയകുമാറും ഉൾപ്പെടെ മൂന്നുപേർ ഇവരുടെ മുറിയിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ഇരുവരോടും അപമര്യാദയായി പെരുമാറി. എതിര്‍ത്തതോടെ ബഹളമാവുകയും ലോഡ്ജ് ജീവനക്കാർ യുവതിയെയും യുവാവിനെയും ഇറക്കിവിടുകയുമായിരുന്നു.
ഇവരെ പിന്തുടർന്ന് കവലയിൽ വെച്ച് മർദിക്കുേമ്പാൾ സജീവാന്ദനൊപ്പം വിജയകുമാറും ഉണ്ടായിരുന്നതായി യുവതി മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കഴിഞ്ഞ ദിവസമാണ് കുമാറിനെയും മറ്റൊരാളെയും പ്രതിചേർത്തത്.
അതേസമയം, കേസിലെ മുഖ്യപ്രതി കൂടിയായ സജീവാനന്ദന് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. സജീവാനന്ദെൻറ മുന്‍കൂര്‍ ജാമ്യാപേക്ഷ കല്‍പറ്റ ജില്ല സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. യുവതിയുടെയും യുവാവിെൻറയും രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.