തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ഡോ. ശശി തരൂർ കൂടുതൽ സജീവമാകുന്നതിൽ ഉയർന്ന എതിർപ്പിന് പിന്നിൽ കോൺഗ്രസ് ദേശീയ-സംസ്ഥാന നേതൃത്വത്തിൽ പദവികൾ കാംക്ഷിക്കുന്ന നേതാക്കൾ. തരൂരിന്റെ സ്വീകാര്യത തങ്ങൾക്ക് പ്രതിബന്ധമാകുമെന്ന് അവർ ഭയപ്പെടുന്നു. യൂത്ത് കോൺഗ്രസ് പരിപാടിയിൽനിന്ന് വിലക്കിയത് തരൂരിന് കൂടുതൽ പിന്തുണയാണ് നൽകിയത്. വിലക്കില്ലെന്ന് നേതാക്കൾക്ക് പരസ്യമായി പറയേണ്ടി വന്നുവെന്ന് മാത്രമല്ല തരൂരിന്റെ പരിപാടിയിൽ ആവേശത്തോടെ പ്രവർത്തകർ ഒഴുകിയെത്തിയത് അദ്ദേഹത്തിനെതിരെ നീക്കം നടത്തിയവർക്ക് ക്ഷീണവുമായി.
പാർട്ടി ജില്ല നേതൃത്വവുമായി ആലോചിച്ചാണ് പരിപാടി ഒഴിവാക്കിയതെന്ന യൂത്ത് കോൺഗ്രസ് നേതാക്കളുടെ വെളിപ്പെടുത്തൽ കോൺഗ്രസ് കോഴിക്കോട് ജില്ല നേതൃത്വത്തെ വെട്ടിലാക്കി. വിഭാഗീയ പ്രവർത്തനം എന്ന് ചർച്ച വന്നതിന്റെ അടിസ്ഥാനത്തിലാണിതെന്ന ഡി.സി.സി പ്രസിഡന്റിന്റെ വിശദീകരണം ആർക്കും ദഹിച്ചതുമില്ല.
പരിപാടിയിൽനിന്ന് യൂത്ത് കോൺഗ്രസിനെ മാറ്റിയതിൽ തരൂരിനെ ശക്തമായി പിന്തുണക്കുന്ന എം.കെ. രാഘവൻ എം.പി അന്വേഷണം ആവശ്യപ്പെട്ടതും തരൂർ അതിനെ പിന്താങ്ങിയതും സംസ്ഥാന തലത്തിൽതന്നെ പാർട്ടിയിൽ പുതിയ പ്രശ്നങ്ങൾക്ക് വഴിവെക്കും. കോൺഗ്രസ് അധ്യക്ഷനും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകാനാണ് രാഘവന്റെ നീക്കം.
തരൂരിന് എവിടെയും വിലക്കില്ലെന്നും പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ ആർക്കെതിരെയും നടപടി ഉണ്ടാകില്ലെന്നും കെ. മുരളീധരനും വ്യക്തമാക്കി. തരൂരിനെ വിലക്കിയെന്ന പ്രചാരണം ശക്തിപ്പെട്ടതോടെ നേതൃത്വം നിഷേധിക്കുകയായിരുന്നു. തരൂർ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിൽ ചിലർക്ക് വിയോജിപ്പുണ്ട്.
കോൺഗ്രസ് അധ്യക്ഷ പദവിയിലേക്ക് മത്സരിച്ച തരൂരിന് കേരളത്തിൽനിന്ന് വലിയ പിന്തുണ ലഭിച്ചത് പലരെയും വിളറി പിടിപ്പിച്ചു. തരൂർ കേരളത്തിലേക്ക് ആദ്യം വന്നപ്പോൾ ഇവിടത്തെ നേതാക്കൾക്കൊന്നും സ്വീകാര്യനായിരുന്നില്ല. ഡൽഹി നായർ എന്നാണ് എൻ.എസ്.എസ്. അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ന്യൂനപക്ഷങ്ങളിലും ശശി തരൂരിനെതിരെ പ്രചാരണമുണ്ടായി. എന്നാൽ, ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. വലിയ സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിക്കുന്നത്. അദ്ദേഹം കേരളത്തിൽ സജീവമായാലുള്ള അപകടം ചില നേതാക്കൾ മണക്കുന്നുണ്ട്. രാഷ്ട്രീയ സാഹചര്യങ്ങളിലെ മാറ്റവും തരൂർ വന്നാൽ അദ്ദേഹത്തിന് കാര്യങ്ങൾ അനുകൂലമാക്കും.
കോൺഗ്രസുകാരുടെ തള്ളിക്കയറ്റം
കോഴിക്കോട്: യൂത്ത് കോൺഗ്രസ് വഴിയിലുപേക്ഷിച്ച തരൂരിന്റെ പ്രഭാഷണ പരിപാടിയിൽ കോൺഗ്രസ് പ്രവർത്തകരുടെ തള്ളിക്കയറ്റം. കെ.പി. കേശവമേനോൻ ഹാളിൽ 'സംഘ്പരിവാറും ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളികളും' വിഷയത്തിലായിരുന്നു പ്രഭാഷണം. സംഘാടനത്തിൽനിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയതിനെ തുടർന്ന് ജവഹർ യൂത്ത് ഫൗണ്ടേഷനാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. വൈകീട്ട് നാലിനാണ് പരിപാടി നിശ്ചയിച്ചത്. സമയമാവുംമുമ്പ് ഹാളും പരിസരവും നിറഞ്ഞു.
തരൂർ എത്തിയപ്പോൾ യൂത്ത് കോൺഗ്രസിന്റെ പേരിൽ അഭിവാദ്യമർപ്പിച്ച് മുദ്രാവാക്യംവിളിയുമുണ്ടായി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി പങ്കെടുത്തു. സംഘ്പരിവാറിനെതിരെ ശക്തമായ നിലപാടുള്ള നേതാവാണ് തരൂരെന്നും ഈ പരിപാടിക്ക് വരാതിരുന്നാൽ ഇതുവരെ സംഘ്പരിവാറിനെതിരെ പറഞ്ഞതെല്ലാം വെള്ളത്തിലാവുമെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. കെ. പി.സി.സി അധ്യക്ഷൻ കെ. സുധാകരന്റെ നിർദേശപ്രകാരമാണ് വന്നത്. കോൺഗ്രസിൽ തരൂരിന് ഒരു വിലക്കുമില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞിട്ടുണ്ടെന്നും റിജിൽ മാക്കുറ്റി പറഞ്ഞു.
ഭവിഷ്യത്ത് നേരിടാം -എം.കെ. രാഘവൻ
കോഴിക്കോട്: ശശി തരൂരിനൊപ്പം നിന്നതിന്റെ പേരിൽ ഉണ്ടാവാനിടയുള്ള എന്തു ഭവിഷ്യത്തും നേരിടാമെന്ന് എം.കെ. രാഘവൻ എം.പി. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ തരൂരിനെപ്പോലുള്ള ലോക നേതാക്കൾ വേണം. എഴുതിയും പ്രസംഗിച്ചും ലോകം കറങ്ങേണ്ട തരൂർ, കോൺഗ്രസ് ഉയിർത്തെഴുന്നേൽക്കേണ്ടത് മതേതര ഇന്ത്യയുടെ ആവശ്യമാണെന്നു കണ്ടാണ് രാഷ്ട്രീയത്തിലിറങ്ങിയത്. അദ്ദേഹത്തെ അപഹസിക്കുന്നത് നിർത്തി കൂടെ നിൽക്കുകയാണ് കോൺഗ്രസുകാരുടെ കർത്തവ്യം.
'ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിൽ കോൺഗ്രസിൽ സംസാരിക്കാൻ ഇന്ന് പ്രാപ്തിയുള്ള നേതാവ് തരൂർ മാത്രമാണ്. തരൂർ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് പല മുതിർന്ന നേതാക്കളും അങ്ങോട്ട് ആവശ്യപ്പെട്ടു. അതനുസരിച്ച് സ്ഥാനാർഥിയായ തരൂർ പ്രചാരണത്തിനിറങ്ങുന്ന വേളയിൽ ഫോൺ വിളിച്ചപ്പോൾ ഇവരെല്ലാം സ്വിച്ച്ഓഫായിരുന്നു. തരൂരിനെ വിളിച്ചുവരുത്തി അപമാനിക്കാൻ ശ്രമിച്ചതിനെപ്പറ്റി സോണിയ ഗാന്ധിക്കും എ.ഐ.സി.സി അധ്യക്ഷൻ ഖാർഗെക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകും. കെ.പി.സി.സി അധ്യക്ഷൻ അന്വേഷിക്കണമെന്നും രാഘവൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.