മാതൃകയാക്കേണ്ട വ്യക്തിത്വം, വിവാദങ്ങൾക്കിടെ ജി. സുധാകരനെ വാനോളം പുകഴ്ത്തി എച്ച് സലാം എം.എൽ.എ

ആലപ്പുഴ: വിവാദങ്ങള്‍ക്കിടെ ജി. സുധാകരനെ പുകഴ്ത്തി അമ്പലപ്പുഴ എം.എൽ.എ എച്ച് സലാം. മാതൃകയാക്കേണ്ട വ്യക്തിത്വമാണ് ജി സുധാകരന്‍റേത്. അദ്ദേഹത്തെ വെച്ചു നോക്കുമ്പോള്‍ താന്‍ വളരെ താഴെ നില്‍ക്കുന്ന ആളാണ്. അദ്ദേഹത്തെയും തന്നെയും താരതമ്യം ചെയ്യരുതെന്നും സലാം ആവശ്യപ്പെട്ടു. പുന്നപ്ര ജെ.ബി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്‍റെ വിവാദമായ ഉദ്ഘാടന ചടങ്ങില്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തിനിടെയാണ് ജി. സുധാകരനെ പുകഴ്ത്തി എച്ച്. സലാം പ്രസംഗിച്ചത്.

ജി. സുധാകരന്റെ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച പുന്നപ്ര ഗവ. ജെ ബി സ്‌കൂള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ജി. സുധാകരനെ ഒഴിവാക്കിയത് വിവാദമായിരുന്നു. ഒരു നല്ല കാര്യം നടക്കുമ്പോള്‍ മാധ്യമങ്ങള്‍ ജി. സുധാകരനെ ചുരുക്കി കാണിക്കരുത്. മാധ്യമപരിലാളനത്തില്‍ വളര്‍ന്ന ആളല്ല സുധാകരനെന്നും എച്ച്. സലാം പറഞ്ഞു.

സ്‌കൂള്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസുകളില്‍ നിന്ന് ജി സുധാകരന്റെ പേര് ഫോട്ടോഷോപ് ചെയ്ത് നീക്കിയത് മാധ്യമങ്ങളിൽ വാർത്തായിരുന്നു. എച്ച്. സലാം എം.എൽ.എയുടെ ഓഫീസില്‍ നിന്ന് എത്തിച്ച നോട്ടീസിലാണ് എഡിറ്റുചെയ്ത ചിത്രമുണ്ടായിരുന്നത്.

ഉദ്ഘാടകനായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ പേരുള്ള നോട്ടീസില്‍ അധ്യക്ഷന്റെ സ്ഥാനത്ത് എം.എൽ.എയുടെയും അതിഥിയായി എ.എം ആരിഫ് എം.പിയുടെയും പേരുകളാണുണ്ടായിരുന്നത്. വിവാദത്തെ തുടർന്ന് ജി. സുധാകരന്‍റെ പേരുൾപ്പെടുത്തി നോട്ടീസ് വീണ്ടുമെത്തിക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചരണരംഗത്ത് സുധാകരൻ സജീവമായില്ലെന്ന് എച്ച്.സലാം പരാതി നൽകിയതോടെയാണ് സി.പി.എം പ്രത്യേക അന്വേഷണകമീഷനെ വെച്ചത്. കമീഷൻ സുധാകരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ജി. സുധാകരനെ പാർട്ടി പരസ്യമയി ശാസിച്ചിരുന്നു. ആലപ്പുഴയിൽ സീറ്റ് ലഭിക്കാതെ വന്നതോടെ ജി. സുധാകരൻ പ്രചാരണരംഗത്ത് നിർജീവമായെന്ന് സലാം പാർട്ടിയോട് പരാതിപ്പെട്ടിരുന്നു. 

Tags:    
News Summary - Amid controversies. H Salam MLA praises G Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.