അമീബിക് മസ്തിഷ്‌ക ജ്വരം: കാരണമറിയാൻ ഗവേഷണം; വിശദമായ പഠനം നടത്തി ആക്ഷൻ പ്ലാൻ തയാറാക്കും

തിരുവനന്തപുരം: പല ജില്ലകളിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരികരിച്ച സാഹചര്യത്തില്‍ ഏകാരോഗ്യ സമീപനത്തിലൂന്നി ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തീരുമാനം. കേരളത്തിൽ എന്തു കാരണംകൊണ്ടാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് എന്നു കണ്ടെത്തലാണ് ഗവേഷണ ലക്ഷ്യം. കേരളത്തിലെയും ഐ.സി.എം.ആര്‍, ഐ.എ.വി, പുതുച്ചേരി എ.വി ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ വിദഗ്ധരെ പങ്കെടുപ്പിച്ച സാങ്കേതിക ശിൽപശാലയിലാണ് ഇതു സംബന്ധിച്ച തീരുമാനങ്ങൾ ഉരുത്തിരിഞ്ഞത്.

അമീബയുടെ വളര്‍ച്ചയെ സഹായിക്കുന്ന ജൈവികവും അജൈവികവുമായ ഘടകങ്ങളെപ്പറ്റിയുള്ള പഠന റിപ്പോര്‍ട്ട് കേരള യൂനിവേഴ്‌സിറ്റി എന്‍വയൺമെന്റ് സയൻസ് വിഭാഗവും മലിനീകരണ നിയന്ത്രണ ബോര്‍ഡും കൂടി അവതരിപ്പിച്ചു. കേരളത്തിലെ ജലാശയങ്ങളിലെ ഇത്തരം സാഹചര്യങ്ങള്‍ വിലയിരുത്താന്‍ തീരുമാനിച്ചു. അമീബയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങളെപ്പറ്റി വിശദമായ പഠനം നടത്തി ആക്ഷൻ പ്ലാൻ രൂപവത്കരിക്കും. കേരളത്തില്‍ രോഗം സ്ഥിരീകരിച്ച എല്ലാവര്‍ക്കും അമീബ സാന്നിധ്യ സാധ്യതയുള്ള മലിനജലവുമായി സമ്പര്‍ക്കം ഉണ്ടായിരുന്നതായി വിദഗ്ധർ ചൂണ്ടിക്കാട്ടി.

അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഗവേഷണം കേരളം ഏറ്റെടുക്കുമെന്ന് ശിൽപശാലയിൽ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. ആരോഗ്യ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ ഡോ. റീത്ത, ചണ്ഡിഗഢ് പി.ജി.ഐ.എം.ഇ.ആര്‍ പാരാസൈറ്റോളജി വിഭാഗം മുന്‍ മേധാവി ഡോ. രാകേഷ് സെഗാള്‍, ബംഗളൂരുവിലെ ഐ.ഐ.എസ്.സി പ്രഫസര്‍ ഡോ. ഉത്പല്‍ എസ്. ടാറ്റു, കേരള യൂനിവേഴ്‌സിറ്റി എന്‍വയൺമെന്റ് സയൻസ് വിഭാഗത്തിലെ ഡോ. ശലോം ജ്ഞാനതങ്ക, മലിനീകരണ നിയന്ത്രണ ബോർഡ് മെംബര്‍ സെക്രട്ടറി ഷീല മോസസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധം അവതരിപ്പിച്ചു.

ഐ.സി.എം.ആർ പ്രതിനിധി ഡോ. അനൂപ് വേലായുധന്‍, ഐ.എ.വി ഡയറക്ടര്‍ ഡോ. ശ്രീകുമാര്‍, ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ഡോ. മായ, സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് ഡയറക്ടര്‍ ഡോ. സുനിജ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Amoebic encephalitis: An action plan will be prepared after a detailed study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.