മാഹി: അമൃത് ഭാരത് പദ്ധതിയിൽ മാഹി റെയിൽവേ സ്റ്റേഷൻ മോടി പിടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. അഴിയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന റെയിൽവേ സ്റ്റേഷനിൽനിന്ന് യാത്ര ചെയ്യുന്നവരിലേറെയും മാഹിയിലും സമീപ പ്രദേശങ്ങളിലുമുള്ളവരാണ്. ഈ റെയിൽവേ സ്റ്റേഷൻ പലപ്പോഴും അവഗണിക്കപ്പെട്ടതിനാൽ വികസന പ്രവർത്തനങ്ങൾ ഇവിടെ നടന്നിരുന്നില്ല. അഴിയൂരിലാണെങ്കിലും വിളിപ്പാടകലെയുള്ള മാഹിയോട് തൊട്ടുകിടക്കുന്ന റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ പുതുച്ചേരി പരിഗണനയിലാണ് അമൃത ഭാരത് പദ്ധതിയിൽ ഉൾക്കൊള്ളിച്ചത്.
മുക്കാളിയുൾപ്പടെ രണ്ട് റെയിൽവേ സ്റ്റേഷനുകളുള്ള അപൂർവം ഗ്രാമ പഞ്ചായത്തുകളിലൊന്നാണ് അഴിയൂർ. 10 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണിവിടെ നടക്കുന്നത്. പ്രവേശന കവാടം സ്ഥാപിക്കുന്ന ജോലി പുരോഗമിക്കുകയാണ് ഇതിനായി പ്രധാന കവാടത്തിലേക്കുള്ള വഴി അടച്ചു. താൽക്കാലികമായി മറ്റൊരു ഭാഗം തുറന്നിട്ടുണ്ട്. കവാടത്തിന്റെ വലത് ഭാഗത്തെ പാർക്കിങ് ഏരിയയുടെ ജോലിയും പുരോഗമിക്കുന്നുണ്ട്. പ്ലാറ്റ് ഫോമിന്റെ ഷെൽട്ടർ ഉയരം കൂട്ടൽ, തറയിൽ ഇരു ഭാഗങ്ങളിലുമായി 200 മീറ്റർ നീളത്തിൽ കടപ്പവിരിക്കൽ എന്നിവയടങ്ങിയ ഒന്നാം ഘട്ട വികസനം ഏപ്രിലിൽ പൂർത്തീകരിക്കാനാണ് ശ്രമം.
പൂന്തോട്ടം ഉൾപ്പെടെയുള്ള പ്രകൃതി സൗഹൃദമായ ഗ്രീൻ പാർക്കിങ് ഏരിയ സ്ഥാപിക്കലിന് സ്ഥലം കുറച്ചു മാത്രമേ ലഭ്യമാകൂവെന്നാണ് സൂചന. ഓവുചാലും നിർമ്മിക്കുന്നുണ്ട്. സ്റ്റേഷന്റെ ഇടത് വശത്തായാണ് ബസ് ബേ, ഓട്ടോ പാർക്കിങ്, ടാക്സി പാർക്കിങ് ഇവ ഉണ്ടാവുക. മുഴുവൻ വാഹനങ്ങൾക്കും പാർക്കിങ്ങിന് റെയിൽവേ ചാർജ് ഈടാക്കും.
വലതുവശത്ത് വാഹന പാർക്കിംഗിനുള്ള പ്രവൃത്തി പുരോഗമിക്കുന്നുണ്ട്. രണ്ടാം പ്ലാറ്റ്ഫോമിലേക്ക് റിസർവേഷൻ കൗണ്ടറിൽ സൗകര്യങ്ങൾ വർധിപ്പിക്കൽ, സർക്കുലേറ്റിങ് ഏരിയ നവീകരിക്കൽ, രണ്ടാം പ്ലാറ്റ്ഫോമിൽ യാത്രക്കാർക്കിരിക്കാൻ മതിയായ ഇരിപ്പിടങ്ങളും മേൽക്കൂരയും സ്ഥാപിക്കൽ. ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ എസ്കലേറ്ററ്റർ സ്ഥാപിക്കൽ, കുടിവെള്ളത്തിന് വാട്ടർ ടാങ്കുകൾ നിർമിച്ച് കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തൽ, രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ഉൾപ്പെടെ യാത്രക്കാർക്ക് സൗകര്യപ്രദമായ കാത്തിരിപ്പ് കേന്ദ്രവും ടിക്കറ്റെടുക്കാനുള്ള കെട്ടിടവും പാർക്കിങ് ഏരിയയും ശൗചാലയവും നിർമിക്കൽ എന്നിവയൊക്കെയാണ് പദ്ധതിയിലുള്ളത്. പെരുമാലിൽ ഗ്രൂപ്പാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.