കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ജിജുവിനെ വെള്ളിയാഴ്ച എറണാകുളത്ത് സുഹൃത്തുക്കൾ താമസിക്കുന്ന വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വിവാഹിതരാകാൻ തീരുമാനിച്ചിരുന്ന അനന്യയും ജിജുവും ഒരുമിച്ചാണ് ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ താമസിച്ചിരുന്നത്. അനന്യയുടെ മരണത്തിനു ശേഷം ജിജു കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ചൊവ്വാഴ്ച രാത്രി ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ അനന്യയെ തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടെത്തിയതും ജിജുവായിരുന്നു. വ്യാഴാഴ്ച അനന്യയുടെ സ്വദേശമായ കൊല്ലം പെരുമണിൽ മൃതദേഹം എത്തിച്ച് സംസ്കാര ചടങ്ങുകൾക്കുശേഷം രാത്രിയാണ് കൊച്ചിയിലെ സുഹൃത്തുക്കളുടെ വീട്ടിലെത്തിയത്.
ഫോറൻസിക് പരിശോധനയ്ക്കു ശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അനന്യ കുമാരി അലക്സിനെ (28) ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തൂങ്ങിമരണമാണെന്നാണ് ഇൻക്വസ്റ്റ് ചെയ്ത പൊലീസ് വിലയിരുത്തുന്നത്.
2020 ജൂൺ 14ന് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയെ തുടർന്ന് പല ശാരീരിക ബുദ്ധിമുട്ടുകളും നേരിടുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയായിരുന്നു മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.