കോട്ടയം: അനിയന്ത്രിതമായ പെരുപ്പം, തീറ്റയുടെയും വെള്ളത്തിന്റെയും കുറവ്, സ്വാഭാവിക വനങ്ങൾക്കുണ്ടായ മാറ്റം -കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നതിന് വനം അധികൃതർ നിരത്തുന്ന കാരണങ്ങൾ ഇതൊക്കെയാണ്. ഭക്ഷണം ഇല്ലാതായാലും താസിക്കാൻ ഇടമില്ലാതായാലും ഇവ കാടിറങ്ങും. കാടുകൈയേറി കൃഷിയിറക്കുന്നതിനെക്കാൾ വിനയാകുന്നത് സ്വാഭാവിക വനത്തിനുണ്ടാകുന്ന നാശമാണ്.
ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തിൽ 27,000 ഹെക്ടർ വനമാണ് സ്വാഭാവികമല്ലാതായത്. പല പദ്ധതികളുടെ പേരിൽ അക്കേഷ്യ, യൂക്കാലിപ്റ്റ്സ് തുടങ്ങിയ വിദേശയിനം മരങ്ങൾ നട്ടുപിടിപ്പിച്ചതാണ് വിനയായത്. ഇതോടെ ഭക്ഷണവും വെള്ളവും കുറഞ്ഞു. ഈ മരങ്ങൾ ഘട്ടംഘട്ടമായി നീക്കംചെയ്ത് വന്യജീവികൾക്ക് മികച്ച ആവാസവ്യവസ്ഥ, ഭക്ഷ്യസുരക്ഷ തുടങ്ങിയവ ഉറപ്പാക്കുന്നതിനുള്ള പദ്ധതിക്ക് വനംവകുപ്പ് തുടക്കമിട്ടിട്ടുണ്ട്. കാട്ടുമാവ്, കാട്ടുനെല്ലി, കാട്ടുപ്ലാവ് തുടങ്ങിയവയാണ് വെച്ചുപിടിപ്പിക്കുന്നത്. 27,000 ഹെക്ടർ സ്ഥലത്ത് പദ്ധതി പൂർത്തിയാകാൻ രണ്ട് പതിറ്റാണ്ടെങ്കിലും വേണം.
പദ്ധതിപ്രകാരം ഇതുവരെ 965 ഹെക്ടർ വനം പുനഃസ്ഥാപിച്ചിട്ടുണ്ടെന്നാണ് അവകാശവാദം. പുഴയോരങ്ങളിൽ 28,600 തൈകൾ നട്ടു. കാട്ടിൽനിന്ന് അധിനിവേശ സസ്യങ്ങളെ നിർമാർജനം ചെയ്യാൻ വാച്ചർമാരെ നിയോഗിച്ചിട്ടുണ്ട്. ജലലഭ്യത ഉറപ്പാക്കാനും വന്യജീവികളുടെ ആവാസവ്യവസ്ഥ നിലനിർത്താനും കാട്ടിൽ തടയണ നിർമാണം, കുളങ്ങളുടെ നിർമാണം, പുനരുദ്ധാരണം എന്നിവയും നടത്തുന്നുണ്ട്. ഒപ്പം മുളയും തദ്ദേശീയ സസ്യങ്ങളും നടുന്നുണ്ട്. പദ്ധതി പൂർത്തിയാകുമ്പോൾ വന്യജീവികൾ വനത്തിൽ തന്നെ കഴിയുമെന്നാണ് പ്രതീക്ഷ.
വന്യജീവി ശല്ല്യം നേരിടാൻ 12 വർഷമായി കേന്ദ്രസർക്കാർ ധനസഹായം നൽകുന്നുണ്ട്. ഇതുവരെ 31.5 കോടിയാണ് കിട്ടിയത്. ഇതിൽ 27.4 കോടി ചെലവിട്ടു. പ്രശ്നങ്ങളുണ്ടാകുമ്പോൾ പരിഹരിക്കുന്നതിന് അതത് സർക്കിൾ ചീഫ്ഫോറസ്റ്റ് കൺസർവേറ്റർമാരെ ചുമതലപ്പെടുത്തുന്ന ഉത്തരവുണ്ട്. മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കാനും ഹ്രസ്വകാല-ദീർഘകാല പദ്ധതികൾ തയാറാക്കാനും നോഡൽ ഓഫിസർമാരെ ചുമതലപ്പെടുത്തുന്നതാണ് ഈ ഉത്തരവ്.
എടക്കര/ചാലക്കുടി: മലപ്പുറം പോത്തുകല്ലിൽ തേൻ ശേഖരിക്കാൻ പോയ ആദിവാസിക്ക് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. തൃശൂർ ചാലക്കുടിക്കടുത്ത് മേലൂരിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ കണ്ട് ഭയന്നോടിയ മൂന്നുപേർക്ക് പരിക്കേറ്റു.
പോത്തുകൽ തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്തയെയാണ് (48) കരടി ആക്രമിച്ചത്. കൂടെയുള്ളവർ ബഹളംവെച്ച് കരടിയെ ആട്ടിയകറ്റിയാണ് വെളുത്തയെ രക്ഷിച്ചത്. ഇയാൾക്ക് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ നൽകി വിട്ടു.
മേലൂർ ശാന്തിപുരം ഭാഗത്താണ് വെള്ളിയാഴ്ച രാവിലെ കാട്ടുപോത്തിനെ കണ്ടത്. വനപാലകർ സന്നാഹങ്ങളുമായി എത്തിയെങ്കിലും കാട്ടുപോത്തിനെ പിടികൂടാനായില്ല. വനപാലകരുടെ റാപ്പിഡ് റെസ്പോൺസ് ടീം തിരച്ചിൽ തുടർന്നു. പ്രദേശത്തെ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.