തിരുവനന്തപുരം: മോൺസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ഇടനിലക്കാരിയെന്ന നിലയിൽ ആരോപണവിധേയയായ അനിത പുല്ലയിൽ ലോക കേരളസഭ നടന്ന നിയമസഭ സമുച്ചയത്തിൽ എത്തിയതിൽ വിവാദം. ക്ഷണിക്കപ്പെട്ട പ്രതിനിധികളുടെ പട്ടികയിൽ അനിത പുല്ലയിൽ ഇല്ലെന്നാണ് സംഘാടകരുടെ വിശദീകരണം.
കഴിഞ്ഞ രണ്ടുദിവസമായി അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിൽ ഉണ്ടായിരുന്നെന്നാണ് വ്യക്തമാകുന്നത്. സാന്നിധ്യം മാധ്യമങ്ങൾ തിരിച്ചറിഞ്ഞതിനെ തുടർന്ന് നിയമസഭാ സമുച്ചയത്തിൽനിന്ന് വാച്ച് ആൻഡ് വാർഡുകൾ ഇവരെ പുറത്തേക്ക് കൊണ്ടുപോയി. മാധ്യമപ്രവർത്തകർ കാണുമ്പോൾ നിയമസഭാ സമുച്ചയത്തിൽ പ്രവർത്തിക്കുന്ന സഭ ടി.വിയുടെ ഓഫിസിലാണ് അനിത പുല്ലയിൽ ഉണ്ടായിരുന്നത്.
പ്രവാസി വ്യവസായികൾക്കും പ്രതിനിധികൾക്കും ഒപ്പം ചിത്രമെടുക്കാനും അവരുണ്ടായിരുന്നത്രേ. നിയമസഭക്കുള്ളിൽനിന്ന് പുറത്തുവരുമ്പോൾ മാധ്യമപ്രവർത്തകർ അവരുടെ പ്രതികരണം ആരായാൻ ശ്രമിച്ചെങ്കിലും വാച്ച് ആൻഡ് വാർഡ് ഇടപെട്ട് തടഞ്ഞു. ഔദ്യോഗിക പ്രതിനിധിയായല്ലെന്നും സ്വന്തം നിലയിൽ സന്ദർശകയായി മാത്രമാണ് വന്നതെന്നും അനിത മാധ്യമപ്രവർത്തകരോട് പ്രതികരിച്ചതായാണ് വിവരം. മുമ്പ് ഇവർ ലോക കേരളസഭ പ്രതിനിധിയായിരുന്നു. എന്നാൽ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇക്കുറി ക്ഷണിച്ചില്ലെന്നാണ് അറിയുന്നത്.
മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് പ്രത്യേക പാസ് അനുവദിച്ച് പ്രവേശനം നിയന്ത്രിച്ചിരുന്ന പരിപാടിയിലേക്ക് ക്ഷണിക്കപ്പെടാതെ എങ്ങനെ ഇവർ വന്നു, ആരാണ് അനുമതി നൽകിയത്, സഭ ടി.വിയുടെ ഓഫിസിൽ ആരാണ് പ്രവേശിപ്പിച്ചത്, മാധ്യമങ്ങളോട് പ്രതികരിക്കുന്നതിൽനിന്ന് വാച്ച് ആൻഡ് വാർഡ് തടഞ്ഞത് ആരുടെ നിർദേശാനുസരണം തുടങ്ങിയ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.