കാസർകോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാർവതിയുടെ (19) മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് പ്രാഥമിക റിപ്പോർട്ട്. പോസ്റ്റ്മോർട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച പ്രാഥമിക നിഗമനം. ഭക്ഷ്യസുരക്ഷ കമീഷണർക്ക് ലഭിച്ച റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് ജില്ല പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയും സ്ഥിരീകരിച്ചു. പെൺകുട്ടിയുടെ ആന്തരികാവയവങ്ങളിൽ വിഷാംശത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണ പദാർഥത്തിലൂടെയല്ലാതെയും കടന്നുവരാൻ സാധ്യതയുള്ള വിഷത്തിന്റെ അംശമാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ലബോറട്ടറിയിൽ കൂടുതൽ രാസപരിശോധന നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, പെൺകുട്ടിക്ക് മഞ്ഞപ്പിത്തം ഉണ്ടായിരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
മരണകാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കൽ കോളജിലെയും പോസ്റ്റ്മോർട്ടം നടത്തിയ പരിയാരം മെഡിക്കൽ കോളജിലെയും ഡോക്ടർമാരിൽനിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. രണ്ടു മെഡിക്കൽ കോളജിൽനിന്നുമുള്ള വിവരങ്ങൾ ശേഖരിച്ച കാസർകോട്ടെ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരാണ് ഭക്ഷ്യസുരക്ഷ കമീഷണർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയത്.
ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതാണ് അഞ്ജുശ്രീ പാർവതിയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാൽ ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങൾ രാസപരിശോധന നടത്താൻ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.
ഹോട്ടൽ ഉടമകളെ ചോദ്യംചെയ്തിരുന്നെങ്കിലും തുടർ നടപടികളൊന്നും എടുത്തിരുന്നില്ല. ഹോട്ടലിനെതിരെ സ്വീകരിച്ച നടപടികൾ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിൻവലിക്കുകയും ചെയ്തു. അഞ്ജുശ്രീ പാർവതിയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബർ 31നാണ് അടുക്കത്ത്ബയലിലെ ഹോട്ടലിൽനിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ഭക്ഷണം കഴിച്ച പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കുശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. അടുത്ത ദിവസം രാവിലെ പെൺകുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് പെൺകുട്ടി ശനിയാഴ്ച മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.