തിരുവനന്തപുരം: പെറ്റമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ അന്വേഷണം നടത്തുന്ന വനിത ശിശു വികസനവകുപ്പ് ഡയറക്ടർ ഇന്ന് കുട്ടിയുടെ മാതാവ് അനുപമയുടെ ഭാഗം കേൾക്കും. ബുധനാഴ്ച വൈകീട്ട് നാലിന് പൂജപ്പുരയിലെ ഓഫിസിൽ ഹാജരാകാനാണ് നിർദേശം. എല്ലാ രേഖകളും ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് നൽകിയ പരാതികളും ഇവരുമായുള്ള ഫോൺ സംഭാഷണങ്ങളുടെ രേഖകളും മൊഴികളും വിലയിരുത്തിയശേഷമാകും ശിശുവികസന വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ടി.വി. അനുപമ സർക്കാറിന് അന്തിമ റിപ്പോർട്ട് നൽകുക.
രണ്ടുദിവസം മുമ്പ് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ദത്ത് നടപടികൾ നിയമപ്രകാരമെന്നായിരുന്നു ഷിജുഖാൻ ഡയറക്ടറെ അറിയിച്ചത്.
അതേസമയം കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ കൂടുതല്‍ തെളിവുകൾ നിരത്തി ശിശുക്ഷേമ സമിതിയിലെ ഒരുവിഭാഗം ജീവനക്കാർ ഡയറക്ടർക്ക് കത്ത് നൽകി. അനുമപയുടെ പിതാവ് ജയചന്ദ്രനും മാതാവ് സ്മിത ജയിംസും ചേര്‍ന്ന് കുഞ്ഞിനെ നഴ്സ് ദീപാറാണിയെ എല്പിക്കുന്നതിന് ഡ്രൈവറും സെക്യൂരിറ്റിയും സാക്ഷികളാണെന്ന് കത്തിൽ പറയുന്നു.
ദീപാറാണി കുഞ്ഞിനെ ഏറ്റുവാങ്ങിയത് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാെൻറ നിർദേശത്തെ തുടര്‍ന്നാണ്. കുഞ്ഞിനൊപ്പം വിലകൂടിയ ബാഗും ഏൽപിച്ചു. അതില്‍ നിറയെ പാല്‍പൊടികളും കുട്ടിയുടെ വസ്ത്രവും ആശുപത്രിയില്‍നിന്ന് കൊണ്ടുവന്ന മരുന്നുകളും ആയിരുന്നു. എന്നാല്‍, കോവിഡ് സമയമായതിനാല്‍ ദത്തെടുക്കല്‍ കേന്ദ്രത്തിലേക്ക് സാധനങ്ങള്‍ എടുക്കാതെ ബാഗ് ഉള്‍പ്പെടെ ജീവനക്കാര്‍ വീട്ടില്‍ കൊണ്ടുപോയി.
കിട്ടിയത് പെണ്‍കുട്ടിയെ ആണെന്ന വാര്‍ത്ത കണ്ട് അനുപമയുടെ മാതാവും മറ്റൊരു പാര്‍ട്ടി നേതാവും കൂടി അടുത്ത ദിവസം ശിശുക്ഷേമ സമിതിയില്‍ എത്തി ഷിജുഖാനെ കണ്ടു. അതിനുശേഷം പലതവണയും മാതാപിതാക്കൾ ഷിജുഖാനെ കാണാന്‍ ഓഫിസില്‍ വന്നിട്ടുണ്ട്. അഡോപ്ഷന്‍ മാനേജര്‍ ഷിബ എല്‍, സോഷ്യല്‍ വര്‍ക്കര്‍ വിനിത. സി.എം എന്നിവര്‍ തൈക്കാട് ആശുപത്രിയിലെത്തി അവിടത്തെ ജീവനക്കാരെ സ്വാധീനിച്ചാണ് രജിസ്റ്ററില്‍ ആണ്‍കുട്ടിയായി തിരുത്തി പുതിയ ഒ.പി ടിക്കറ്റ് വാങ്ങിയത്.
കുഞ്ഞിനെ ദത്ത് നല്കാന് പോകുന്നെന്ന ജില്ല ശിശുസംരക്ഷണ യൂനിറ്റ് നല്കിയ പത്രപരസ്യം കണ്ട് അനുപമയുടെ പങ്കാളി അജിത് ഷിജുഖാെൻറ വീട്ടിലും ഓഫിസിലുമെത്തി കുട്ടിയുടെ അവകാശവാദം ഉന്നയിച്ചു. തെളിവുകള്‍ നശിപ്പിക്കാന്‍ സി.സി.ടി.വി ദൃശ്യങ്ങളും നശിപ്പിച്ചു കളഞ്ഞതായും ജീവനക്കാരുടെ കത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം പേര് വെക്കാതെ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ജീവനക്കാർ ഇതുസംബന്ധിച്ച് കത്ത് നൽകിയിരുന്നു.
സമിതി തെറ്റ് ചെയ്തിട്ടില്ല –ആനാവൂർ
തിരുവനന്തപുരം: ദത്തെടുക്കൽ വിവാദത്തിൽ ശിശുക്ഷേമ സമിതിയും ജനറൽ സെക്രട്ടറിയും നിയമപരമല്ലാത്ത ഒരു കാര്യവും ചെയ്തിട്ടില്ലെന്ന് സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ. സമിതിയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിലാണ് മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഷിജുഖാെനതിരെ നടപടി എടുക്കാൻ പാർട്ടി ആലോചിച്ചിട്ടില്ല. അമ്മത്താട്ടിലിൽ നിന്നാണ് കുട്ടിലെ ലഭിച്ചത്. പത്രപരസ്യം നൽകിയിട്ടും കുഞ്ഞിനെ ചോദിച്ച് ആരും വന്നിെല്ലന്നും അദ്ദേഹം പറഞ്ഞു.
ആനാവൂരിനെതിരെ അനുപമ
തിരുവനന്തപുരം: ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ ന്യായീകരിച്ച സി.പി.എം ജില്ല ജനറൽ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെ കുട്ടിയുടെ മാതാവ് അനുപമ. പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഷിജുഖാൻ കുറ്റക്കാരനല്ലെന്ന് എങ്ങനെ പറയാനാകുമെന്ന് അനുപമ ചോദിച്ചു. അതേസമയം, വനിത കമീഷൻ നവംബർ അഞ്ചിന് അനുപമയുടെ മൊഴിയെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.