കോഴിക്കോട്: പി.വി. അൻവർ എം.എൽ.എ തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡി.എം.കെയിൽ ചേരാൻ സമീപിച്ചിരുന്നെന്നും എന്നാൽ പാർട്ടി തീരുമാനമെടുത്തിട്ടില്ലെന്നും റിപ്പോർട്ടുകൾ. ഡി.എം.കെ വക്താവ് ടി.കെ.എസ്. ഇളങ്കോവനെ ഉദ്ധരിച്ച് 'ദി ന്യൂസ് മിനുറ്റ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സഖ്യകക്ഷികളിൽ നിന്നുള്ള വിമതരെ ഉൾക്കൊള്ളുന്ന പതിവ് ഡി.എം.കെക്ക് ഇല്ലെന്നും അതിനാൽ അൻവർ പാർട്ടിയുടെ ഭാഗമാകാൻ സാധ്യത കുറവാണെന്നും ടി.കെ.എസ്. ഇളങ്കോവൻ പറഞ്ഞു. ദേശീയതലത്തിൽ ഇൻഡ്യ സഖ്യത്തിലും തമിഴ്നാട്ടിൽ ഭരണമുന്നണിയിലും ഡി.എം.കെയുടെ സഖ്യകക്ഷിയാണ് സി.പി.എം.
ഡി.എം.കെ കേരള സംസ്ഥാന സെക്രട്ടറി എ.ആർ. മുരുഗേശനും അൻവറിന്‍റെ ഡി.എം.കെ പ്രവേശനത്തിൽ പ്രതികരിച്ചു. പാർട്ടിയിൽ അംഗമാകാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് അൻവർ കത്ത് നൽകിയിരുന്നു. ഇതേത്തുടർന്ന് പാർട്ടി നേതൃത്വത്തിന് താൻ കത്ത് നൽകി. ഇത് സംബന്ധിച്ച് തീരുമാനം ഉടനെയുണ്ടാകും. അൻവറിന്‍റെ സംഘടനയുടെ പേരായ ഡി.എം.കെയും തങ്ങളുടെ പാർട്ടിയായ ഡി.എം.കെയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും മുരുഗേശൻ പറഞ്ഞതായി 'ദി ന്യൂസ് മിനുറ്റ്' റിപ്പോർട്ട് ചെയ്യുന്നു.
ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) എന്നാണ് അൻവർ തന്‍റെ സംഘടനക്ക് നൽകിയ പേര്. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) രാഷ്ട്രീയ പാർട്ടിയല്ലെന്നും സാമൂഹിക കൂട്ടായ്മയാണെന്നുമാണ് അൻവർ പറഞ്ഞത്. കഴിഞ്ഞ ദിവസം അൻവർ ചെന്നൈയിലെത്തി ഡി.എം.കെ നേതാക്കളെ കണ്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ന് മഞ്ചേരിയിൽ നടക്കുന്നത് രാഷ്ട്രീയ പാർട്ടി പ്രഖ്യാപനമല്ലെന്നും നിലപാട് പ്രഖ്യാപനമാണെന്നും അൻവർ പറഞ്ഞിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മഞ്ചേരിയിലെ ബൈപ്പാസ് റോഡിന് സമീപം ജസീല ജങ്ഷനിലാണ് അൻവർ സംഘടിപ്പിക്കുന്ന പൊതുസമ്മേളനം. പുതിയ രാഷ്ട്രീയ പാർട്ടിയെ പ്രഖ്യാപിച്ചാൽ അത് അയോഗ്യത ഭീഷണിക്കിടയാക്കുമെന്നതിനാലാണ് സാമൂഹിക കൂട്ടായ്മയെന്ന നിലയിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയെ വിശേഷിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. സ്വതന്ത്രനായി മത്സരിച്ച് ജയിച്ചയാൾ തെരഞ്ഞെടുപ്പിന് ശേഷം ഏതെങ്കിലും പാര്‍ട്ടിയില്‍ ചേർന്നാൽ അയാള്‍ക്ക് സഭാംഗമായി തുടരാനുള്ള യോഗ്യത നഷ്ടപ്പെടും. അപ്പോൾ സ്വാഭാവികമായും പുതിയ പാര്‍ട്ടി രൂപീകരിച്ചാൽ അന്‍വര്‍ അയോഗ്യനാക്കപ്പെടും. ഇത് മറികടക്കാനുള്ള ശ്രമങ്ങളാണ് അൻവർ നടത്തുന്നതെന്നാണ് വിലയിരുത്തലുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.