തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിെൻറ ഭാര്യക്ക് മതിയായ യോഗ്യതയില്ലാതിരിക്കെ, കണ്ണൂർ സർവകലാശാല മലയാളം അസോസിയറ്റ് പ്രഫസർ തസ്തികയിൽ നിയമനത്തിന് ഒന്നാം റാങ്ക് നൽകിയ സംഭവത്തിൽ ചാൻസലറായ ഗവർണർ കടുത്ത നടപടിയിലേക്ക്. ഇതുസംബന്ധിച്ച പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈസ്ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രനിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിക്കുന്ന മുറക്ക് നടപടിയുണ്ടായേക്കും.
10 ദിവസത്തിനകം വി.സി മറുപടി നൽകണം. റാങ്ക് പട്ടിക തയാറാക്കിയതിൽ നിയമവിരുദ്ധതയും സ്വജനപക്ഷപാതവും നടന്നതായി പരിശോധനയിൽ രാജ്ഭവന് വ്യക്തമായി. ഇൗ സാഹചര്യത്തിൽ വൈസ് ചാൻസലർക്കെതിരെ അന്വേഷണമുൾപ്പെടെ നടപടികൾക്കാണ് സാധ്യത. യു.ജി.സി ചട്ടപ്രകാരം കോളജ്/ സർവകലാശാലതലത്തിൽ എട്ടുവർഷത്തെ അധ്യാപന പരിചയമുള്ളവരെ മാത്രമേ അസോസിയറ്റ് പ്രഫസർ തസ്തികയിലേക്ക് പരിഗണിക്കാനാകൂ. എന്നാൽ, കെ.കെ. രാഗേഷിെൻറ ഭാര്യ പ്രിയ വർഗീസിന് മൂന്നു വർഷത്തെ അധ്യാപന പരിചയം മാത്രമാണുള്ളതെന്നാണ് പരാതി.
ഗവേഷണത്തിന് വിനിയോഗിച്ച മൂന്നുവർഷ കാലയളവ് നേരിട്ടുള്ള നിയമനങ്ങൾക്ക് അധ്യാപന പരിചയമായി കണക്കുകൂട്ടാൻ പാടില്ലെന്ന യു.ജി.സി വ്യവസ്ഥ നിലനിൽക്കെയാണ് അതുകൂടി പരിഗണിച്ച് പ്രിയവർഗീസിനെ ഇൻറർവ്യൂവിൽ പെങ്കടുപ്പിച്ചത്. തൃശൂർ കേരള വർമ കോളജിൽ മൂന്നുവർഷത്തെ മാത്രം സേവനമുള്ള പ്രിയ വർഗീസ് രണ്ടു വർഷം കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻറ്സ് സർവിസസ് ഡയറക്ടറായി ജോലി ചെയ്ത കാലയളവും കരാർ അടിസ്ഥാനത്തിൽ അസിസ്റ്റൻറ് പ്രഫസറായി ജോലി ചെയ്ത മൂന്നു വർഷവും അധ്യാപന പരിചയമായി കണക്കിലെടുത്തത് ക്രമവിരുദ്ധമാണെന്ന് സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
സിൻഡിക്കേറ്റ് അറിയാതെയും സർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമായും സ്വകാര്യ സ്വാശ്രയ കോളജിന് അഫിലിയേഷൻ നൽകിയ വൈസ്ചാൻസലറുടെ നടപടിയും ഗവർണർക്കുമുന്നിൽ പരാതിയായുണ്ട്. നേരത്തേ, ഗവർണർ അറിയാതെ സർവകലാശാല ബോർഡ് ഒാഫ് സ്റ്റഡീഡ് പുനഃസംഘടിപ്പിച്ച വി.സിയുടെ നടപടിയെ ഗവർണർ തള്ളുകയും ചെയ്തിരുന്നു. പ്രിയ വർഗീസിന് നിയമനം നൽകുന്നതിനുള്ള പാരിതോഷികമായാണ് വി.സിക്ക് പുനർനിയമനം നൽകിയതെന്ന ആരോപണവുമുയർന്നിരുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള റാങ്ക് പട്ടിക അംഗീകരിച്ചെങ്കിലും നിയമനോത്തരവ് നൽകിയിട്ടില്ല.
തിരുവനന്തപുരം: ഓർഡിനൻസ് പുതുക്കലിൽ ഉടക്കിനിൽക്കുന്ന ഗവർണറെ പ്രകോപിപ്പിക്കേണ്ടെന്ന് സി.പി.എം നേതൃതലത്തിൽ ധാരണ. സർക്കാറും അനുനയത്തിന്റെ പാതയാവും സ്വീകരിക്കുക. വിഷയത്തിൽ ഭരണപരമായ നിലപാട് മുഖ്യമന്ത്രി സ്വീകരിക്കട്ടേയെന്ന ധാരണയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉണ്ടായത്.
സർവകലാശാല വി.സി നിയമനത്തിൽ ഗവർണറുടെ മേൽക്കൈ തടയുന്ന ഓർഡിനൻസിൽനിന്ന് പിന്നാക്കം പോകില്ലെങ്കിലും തൽക്കാലം ധിറുതിവേണ്ടന്ന് അഭിപ്രായമുയർന്നു. ഗവർണറുമായി ഇടഞ്ഞ് ഭരണപ്രതിസന്ധി സൃഷ്ടിക്കുന്നത് പ്രായോഗികമല്ലെന്ന അഭിപ്രായമാണ് പാർട്ടി നേതൃത്വത്തിനുള്ളത്. രാജ്ഭവന്റെ അംഗീകാരത്തിനായി സമർപ്പിച്ച 11 ഓർഡിനൻസുകൾ ആ സ്വഭാവത്തിലുള്ളതല്ല. ഇക്കഴിഞ്ഞ നിയമസഭ സമ്മേളനം ബജറ്റ് ചർച്ചക്കായി നീക്കിവെച്ചതായിരുന്നു. അതിനാൽ നിയമങ്ങൾ അവതരിപ്പിക്കാനോ ചർച്ച ചെയ്ത് പാസാക്കാനോ സമയം ലഭിച്ചില്ല. നിയമ അവതരണത്തിന് പ്രത്യേകം സഭ ചേരുന്നെന്ന നിലപാട് സർക്കാർതലത്തിൽ രാജ്ഭവനെ ധരിപ്പിക്കും. ഗവർണർ മുൻകാലത്ത് ഇടഞ്ഞപ്പോഴെല്ലാം മുഖ്യമന്ത്രി സ്വീകരിച്ച പാതതന്നെയാണ് സ്വീകാര്യമെന്ന് നേതൃത്വം വിലയിരുത്തി.
കോഴിക്കോട് മേയർ സംഘ്പരിവാർ സംഘടനയായ ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്തതിലും അവിടെ നടത്തിയ വിവാദ പ്രസ്താവനയിലും തിരുത്തൽ നടപടി സ്വീകരിക്കുന്നത് കോഴിക്കോട് ജില്ല നേതൃത്വത്തിന് വിടാൻ ധാരണയായി. എന്നാൽ, നടപടി വിവാദമായശേഷവും മേയർ ബീനാ ഫിലിപ് നടത്തിയ പ്രസ്താവന പാർട്ടിയെ കളങ്കപ്പെടുത്തുന്നതായെന്ന അഭിപ്രായം നേതാക്കൾക്കുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനുശേഷമാണ് കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് മേയറെ തള്ളി പ്രസ്താവന പുറപ്പെടുവിച്ചത്. വിഷയത്തിൽ ഇടപെടാൻ ജില്ല നേതൃത്വം വൈകിയതിൽ സംസ്ഥാന നേതൃത്വത്തിന് അമർഷമുണ്ട്. സി.പി.എമ്മിന് അംഗീകരിക്കാനാവാത്ത നിലപാട് മേയർ സ്വീകരിച്ചത് അത്ഭുതപ്പെടുത്തുന്നതാണ്.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങളുടെ ചർച്ചയും ആരംഭിച്ചു. ദേശീയതലത്തിൽ ബി.ജെ.പി ഉയർത്തുന്ന വികസന മാതൃകക്ക് ബദലായി പാർട്ടി കോൺഗ്രസ് അംഗീകരിച്ച കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിന്റെ വികസന മാതൃക അവതരിപ്പിക്കുന്നത് ചർച്ച ചെയ്തു. ബദൽ വികസനനയങ്ങൾ പൊതുസമൂഹത്തിനു മുന്നിൽ അവതരിപ്പിച്ച് കൂടുതൽ സ്വീകാര്യത നേടാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.