വി.സി നിയമനം: ഗവർണറുടെ അധികാരം കവരുന്ന ബിൽ ബുധനാഴ്ച സഭയിൽ

തിരുവനന്തപുരം: സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരങ്ങൾ കവരാനും സർക്കാറിന് നിയന്ത്രണം ലഭിക്കാനും ലക്ഷ്യമിട്ടുള്ള ബിൽ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. കഴിഞ്ഞ ചൊവ്വാഴ്ച മന്ത്രിസഭ അംഗീകരിച്ച കരട് ബിൽ സഭയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസംവരെ അനിശ്ചിതത്വം നിലനിന്നിരുന്നു. തിങ്കളാഴ്ച ചേർന്ന നിയമസഭ കാര്യോപദേശക സമിതി യോഗത്തിലാണ് ബിൽ ബുധനാഴ്ച സഭയിൽ കൊണ്ടുവരാനുള്ള തീരുമാനം സർക്കാർ അറിയിച്ചത്.

കേരള, കാലിക്കറ്റ്, എം.ജി, കണ്ണൂർ, കാലടി ശ്രീശങ്കരാചാര്യ സർവകലാശാലകളുടെ നിയമത്തിൽ ഭേദഗതിക്കായാണ് 'സർവകലാശാല നിയമങ്ങൾ (ഭേദഗതി) ബിൽ 2022' കൊണ്ടുവരുന്നത്. വൈസ് ചാൻസലറെ കണ്ടെത്താനുള്ള സെർച്ച് കം സെലക്ഷൻ കമ്മിറ്റിയുടെ അംഗബലം മൂന്നിൽനിന്ന് അഞ്ചാക്കി ഉയർത്താൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. വൈസ് ചാൻസലറുടെ നിയമന പ്രായപരിധി 60 വയസ്സിൽനിന്ന് 65 വയസ്സാക്കാനും ബില്ലിൽ വ്യവസ്ഥയുണ്ട്.

ചാൻസലറുടെ പ്രതിനിധി, സർവകലാശാല പ്രതിനിധി, യു.ജി.സി പ്രതിനിധി എന്നിവർക്ക് പുറമെ സർക്കാർ പ്രതിനിധിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും സെർച്ച് കമ്മിറ്റി അംഗമാക്കാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. ഇതിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ സമിതി കൺവീനറായിരിക്കും. നേരത്തേ സമിതി കൺവീനറെ നിയമിക്കാനുള്ള അധികാരം ചാൻസലറായ ഗവർണർക്കായിരുന്നു. ഇതോടെ സമിതിയിൽ സർക്കാറിന് ഭൂരിപക്ഷമാകും.

അഞ്ചംഗ സമിതിയിൽ ഭൂരിപക്ഷം അംഗങ്ങൾ സമർപ്പിക്കുന്ന മൂന്ന് പേരുകൾ അടങ്ങിയ പാനലിൽ നിന്നായിരിക്കണം ഗവർണർ വൈസ്ചാൻസലറെ നിയമിക്കേണ്ടത്. നേരത്തേ മൂന്നംഗസമിതി ഐകകണ്ഠ്യേനയോ വെവ്വേറെയോ സമർപ്പിക്കുന്ന പാനലുകളിൽനിന്ന് ഒരാളെ വി.സിയായി ഗവർണർക്ക് നിയമിക്കാമായിരുന്നു. ഭേദഗതിയോടെ ഭൂരിപക്ഷം അംഗങ്ങൾ സമർപ്പിക്കുന്ന പാനൽ മാത്രമേ ഗവർണർക്ക് മുന്നിലെത്തുകയുള്ളൂ.

കേരള, കാലിക്കറ്റ് സർവകലാശാലകളിൽ സെനറ്റാണ് സർവകലാശാല പ്രതിനിധിയെ തെരഞ്ഞെടുത്തിരുന്നത്. ഇത് സിൻഡിക്കേറ്റ് നാമനിർദേശം ചെയ്യുന്ന ഭേദഗതിയും ബില്ലിലുണ്ട്. സെർച്ച് കമ്മിറ്റി മൂന്ന് മാസത്തിനകം പാനൽ സമർപ്പിക്കണം. ചാൻസലറുടെ അനുമതിയോടെ ഒരു മാസത്തിൽ കവിയാത്ത കാലയളവുകൂടി നീട്ടിനൽകാം. സമിതി പാനൽ സമർപ്പിച്ചാൽ ഒരു മാസത്തിനകം ചാൻസലർ വി.സിയെ നിയമിക്കണം. നേരത്തേ ഈ വ്യവസ്ഥ ഇല്ലായിരുന്നു. ഏതെങ്കിലും കമ്മിറ്റി അംഗം പാനൽ സമർപ്പിക്കാതിരുന്നാലും വി.സി നിയമനം സാധുവാകുമെന്ന വ്യവസ്ഥയും ബില്ലിലൂടെ ഒഴിവാക്കും.

Tags:    
News Summary - Appointment of VC: Bill to cover up Governor in House on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.