കൽപറ്റ: വയനാട് ഡി.സി.സി ട്രഷറർ എന്‍.എം. വിജയന്‍റെ ആത്മഹത്യയില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എൽ.എയുടെയും ഡി.സി.സി പ്രസിഡന്‍റ് എന്‍.ഡി. അപ്പച്ചന്‍റെയും അറസ്റ്റ് കോടതി തടഞ്ഞു. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഈമാസം 15ന് പരിഗണിക്കുമെന്ന് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വാക്കാൽ നിർദേശം നല്‍കി.
അതുവരെ അറസ്റ്റ് പാടില്ലെന്നാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതി നിർദേശം നൽകിയത്. വിജയന്റെ മരണത്തിൽ ഐ.സി. ബാലകൃഷ്ണൻ, അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ, അന്തരിച്ച പി.വി. ബാലചന്ദ്രൻ എന്നിവർക്കെതിരെയാണ് ബത്തേരി പൊലീസ് ആത്മഹത്യ പ്രേരണക്ക് കേസെടുത്തത്. കെ.കെ. ഗോപിനാഥൻ ഹൈകോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
ആത്മഹത്യ കേസിൽ പ്രതി ചേർത്തതോടെ അറസ്റ്റ് ഭയന്ന് കോൺഗ്രസ് നേതാക്കൾ രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നാണ് വിവരം. വിജയന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെങ്കിലും കത്ത് വിജയന്‍റേത് തന്നെയാണോ എന്ന് ഉറപ്പിക്കാൻ പൊലീസിനായിട്ടില്ല. കൈയക്ഷര പരിശോധനയടക്കം ശാസ്ത്രീയ പരിശോധനയിൽ ഇത് തെളിയിക്കപ്പെടും മുമ്പ് നേതാക്കളെ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസിന്‍റെ ആരോപണം.
അതേസമയം, ഐ.സി. ബാലകൃഷ്ണൻ ഒളിവിലല്ലെന്നും പൊലീസ് സുരക്ഷയുള്ള ആളാണ് എം.എൽ.എയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ടി.എം. റഷീദ് കോടതിയെ അറിയിച്ചു. പൊലീസ് ഇതുവരെ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു. സി.പി.എം വലിയ പ്രതിഷേധ പരിപാടികൾക്ക് തയാറെടുക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാക്കൾക്ക് ആശ്വാസമായി കോടതി അറസ്റ്റ് തടഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.