തിരുവനന്തപുരം: ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായാണ് ഗവർണർമാരുടെ സമീപനമെന്നും കേരളത്തിലും തമിഴ്നാട്ടിലും സമാനസാഹചര്യമാണെന്നും മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷകക്ഷികൾ നേതൃത്വം നൽകുന്ന സർക്കാറുകൾക്കെതിരെ ഗവർണമാർ ജനാധിപത്യവിരുദ്ധമായ നിലപാട് എടുക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
ഗവർണർമാരുടെ ഈ നിലപാടിന് എതിരായാണ് ദേശീയ തലത്തിൽ തന്നെ ലീഗിന്റെ നിലപാട്. കേരളത്തിലെ കാര്യവും വ്യത്യസ്ഥമല്ല. തമിഴ്നാട്ടിൽ ഗവർണർക്കെതിരായ പ്രതിപക്ഷ സമരത്തിന് ലീഗും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ ഗവർണർ ആർ.എൻ. രവിയും സർക്കാറും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. തമിഴ്നാട് നിയമസഭയിൽ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിൽ മതേതര പരാമർശങ്ങളും സംസ്ഥാന സർക്കാറിന്റെ ദ്രാവിഡ ഭരണമാതൃക പോലുള്ള നയപരമായ തീരുമാനങ്ങളും ഒഴിവാക്കിയ ഗവർണർ സഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.
ഗവർണർക്കെതിരെ യോജിച്ച പ്രക്ഷോഭം സംഘടിപ്പിക്കാനിരിക്കുകയാണ് വിവിധ പാർട്ടികൾ. സമൂഹമാധ്യമങ്ങളിൽ ‘ഗെറ്റൗട്ട് രവി’ പോലുള്ള ഹാഷ്ടാഗുകൾ ട്രെൻഡിങ്ങായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.