ബജറ്റ് രേഖകളും കണക്കും തയാറാക്കുന്നത് ബി.ജെ.പി ഓഫീസിൽ നിന്നാണോ ?; വി.മുരളീധരനെതിരെ ബാലഗോപാൽ

തിരുവനന്തപുരം: കടമെടുപ്പ്​ പരിധി വിവാദത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ തുറന്നടിച്ച്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ബജറ്റ്​ രേഖകകളും കണക്കും തയാറാക്കുന്നത്​ ബി.ജെ.പി ഓഫിസിൽനിന്നാണോ എന്നും കേന്ദ്രമന്ത്രിയാണെങ്കിൽ ഭരണഘടനാപരമായ ഔചിത്യം കാട്ടണമെന്നും ബാലഗോപാൽ പറഞ്ഞു. സംസ്ഥാന സർക്കാറിന്‍റെ കണക്കുകൾ തെറ്റാണെന്നും ഇവിടത്തെ അമിത ചെലവ്​ തടയാനാണ്​ കേന്ദ്രം ഇടപെടുന്നതെന്നുമുള്ള വി. മുരളീധരന്‍റെ പ്രസ്താവനക്കായിരുന്നു ധനമ​ന്ത്രിയുടെ മറുപടി.

‘‘കേന്ദ്രമന്ത്രിയെന്ന നിലയിൽ പറയാൻ പാടില്ലാത്ത കാര്യങ്ങളാണ്​ കഴിഞ്ഞ ദിവസം വാർത്തസമ്മേളനം വിളിച്ച്​ പറഞ്ഞത്​. രാഷ്ട്രീയമായുള്ള അഭിപ്രായപ്രകടനങ്ങളും ഭരണപരമായ അഭിപ്രായ പ്രകടനങ്ങളും രണ്ടും രണ്ടാണ്​. രാഷ്ട്രീയ പ്രസംഗങ്ങളുടെ ലാഘവത്തിലല്ല ഭരണപരമായ കാര്യങ്ങൾ പറയേണ്ടത്​. കേന്ദ്ര നേതാക്കൾ വിളിച്ച്​ ഇദ്ദേഹത്തെ ഭരണഘടനാപരമായും ഔചിത്യത്തോടെയും പെരുമാറാൻ ഉപദേശിക്കണം. കേന്ദ്രമന്ത്രി എന്ന നിലയിലാണെങ്കിൽ ഉത്തരവാദിത്വത്തോടെ സംസാരിക്കണം. എവിടെ നിന്നെങ്കിലും ഒരു കടലാസ്​ കൊണ്ടുവന്നിട്ട്​, ഇങ്ങനെയാണ്​ കാര്യങ്ങൾ എന്ന്​ പറയരുത്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള കത്തിടപാടുകൾ എന്നത്​ ബി.ജെ.പിയുടെ ആഭ്യന്തര രാഷ്​ട്രീയ പ്രശ്നമാണോ’’ എന്നും ബാലഗോപാൽ വാർത്തസ​മ്മേളനത്തിൽ ചോദിച്ചു.

കടമെടുപ്പ്​ പരിധി വെട്ടിക്കുറച്ചതിന്‍റെ വിശദാംശങ്ങളുള്ള ഒരു കത്തും കേരളത്തിന്​ കിട്ടിയിട്ടില്ല. ‘‘കേരളത്തിലുള്ളവർക്ക്​ ഇതിനെപ്പറ്റി അറിയാത്തതുകൊണ്ടാണ്​, അമിതമായ ചെലവുകൾ പിടിക്കാൻ വേണ്ടിയാണ്’’​ എന്നൊക്കെയാണ്​ കേന്ദ്രമന്ത്രി പറയുന്നത്​. ബി.ജെ.പിയുടെ അംഗമായ കേന്ദ്രമന്ത്രി കേരളത്തിന്‍റെ താൽപര്യത്തിനെതിരായി വാദിക്കുകയാണ്​. സംസ്ഥാനത്തിന്​ തരാത്ത കണക്ക്​ എവിടെനിന്ന്​ അദ്ദേഹത്തിന്​ കിട്ടി. സർക്കാറിന്​ അനുവദനീയമായ കിട്ടേണ്ട വിഹിതത്തിൽ വിട്ടുവീഴ്ചക്കും തയാറല്ല. കേരളത്തിന്​ കിട്ടേണ്ടത്​ കി​ട്ടിയേ തീരൂ. മറ്റു പല സംസ്ഥാനങ്ങൾക്കും 65 ശതമാനം വരെ നികുതി വിഹിതം നൽകു​മ്പോൾ കേരളത്തിന്​ ഇത്​ 35 ശതമാനത്തിൽ താ​​ഴെയാണ്​. ഇത്തരത്തിൽ അസന്തുലിതമായ നിലപാടാണ്​ കേരളത്തോട്​ കേന്ദ്രം സ്വീകരിക്കുന്നത്​. കഴിഞ്ഞ തവണ നികുതി ഗ്രാന്‍റിനത്തിൽ മറ്റ്​ സംസ്ഥാനങ്ങൾക്ക്​ 24 ശതമാനം വർധന വന്നപ്പോൾ കേരളത്തിന്‍റേത്​ ഒമ്പത്​ ശതമാനം കുറക്കുകയാണ്​ ചെയ്​തത്​. ഇതു​ കേരളത്തിനെ ആകെ ബാധിക്കുന്ന പ്രശ്നമാണെന്നും ​അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Are the budget documents and estimates prepared from the BJP office?; Balagopal vs. V. Muralidharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.