അർഫാസ് 

നാടിനെ കണ്ണീരിലാഴ്‌ത്തി ഒടുവിൽ അർഫാസ് വിടവാങ്ങി...

ആലുവ: ഒരു ഗ്രാമത്തെ കണ്ണീരിലാഴ്‌ത്തി ഒടുവിൽ അർഫാസ് വിടവാങ്ങി. അപൂർവ രോഗവും അർബുദവും ബാധിച്ച് അസഹനീയ വേദന സഹിച്ചിരുന്ന ചാലക്കൽ നാല് സെൻറ് കോളനിയിലെ ഇളയിടം അബ്ദുറഹീം -സോയ ദമ്പതികളുടെ ഇളയ മകൻ അർഫാസാണ് വേദനയില്ലാത്ത ലോകത്തേത്ത് യാത്രയായത്.

എട്ടു വയസ്സുവരെ കാര്യമായ യാതൊരു ആരോഗ്യ പ്രശ്നവുമില്ലാതിരുന്ന അർഫാസിന് പെട്ടെന്നാണ് ഇരുകാലുകൾക്കും വളവും വളർച്ചക്കുറവും ശ്രദ്ധയിൽപ്പെടുന്നത്. ശരീരവളർച്ചക്കനുസരിച്ച് ഇതൊരു വൈകല്യമെന്നോണം പ്രകടമാവുകയായിരുന്നു. കൂലിപ്പണിക്കാരനായിരുന്നിട്ടും കിട്ടാവുന്ന ചികിൽസാ സംവിധാനങ്ങൾ അന്വേഷിച്ചും തേടിപ്പിടിച്ചും മകനെ ചികിത്സിക്കുന്നതിനായിരുന്നു കുടുംബത്തിൻറെ പിന്നീടുള്ള പരിശ്രമങ്ങളും പ്രാർഥനകളും.

ചിലസമയങ്ങളിൽ അർഫാസ് വേദന കൊണ്ട് പരിസരം മറന്ന് അലറിക്കരയുമായിരുന്നു. ഇതിന്റെ ചികിത്സക്കിടയിലാണ് ഇടിത്തീയെന്നോണം കരളിൽ അർബുദബാധയുണ്ടെന്നറിയുന്നത്. ഒരു വർഷം മുമ്പ് ഒരു കാലിന്റെ സർജറി നടത്തി ഏറെക്കുറെ വളവ് ഭേദപ്പെട്ടിരുന്നു. രണ്ടാമത്തെ കാലും സർജറി നടത്താനായി പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് അർബുദ ബാധ വൃക്കയുടെ പ്രവർത്തനങ്ങളെ പോലും ഗുരുതരമായി ബാധിക്കുംവിധം വഷളായത്.

കരൾ മാറ്റി വെക്കാനുള്ള ശ്രമത്തിൻറെ ഭാഗമായി മാതാവ് കരൾ പകുത്ത് കൊടുക്കാൻ തയാറായപ്പോഴേക്കും രോഗ സ്ഥിതി മൂർച്ഛിച്ചു. രണ്ട് ദിവസം മുമ്പ് തീരെ വയ്യാതായതോ​ടെ ആസ്റ്റർ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വേദനകളോട് മല്ലിടുമ്പോഴും പഠിക്കാൻ മിടുക്കനായിരുന്നു അർഫാസ്. ചാലക്കൽ ദാറുസ്സലാം ഹൈസ്കൂളിൽ നിന്ന് ഒമ്പത് എ പ്ലസ് നേടിയാണ് എസ്.എസ്.എൽ.സി വിജയിച്ചത്. ഒടുവിൽ എസ്.എൻ.ഡി.പി.എച്ച്.എസ്.എസിൽ നിന്ന് പ്ലസ് ടുവും പാസായി. ഡിഗ്രി പ്രവേശനത്തിനായുള്ള തയാറെടുപ്പിനിടയിലാണ് വിധിക്ക് കീഴടങ്ങിയത്.

കുറഞ്ഞ ജീവിതം കൊണ്ട് വലിയ സൗഹൃദവലയം തീർത്തതു കൊണ്ടാവാം തേങ്ങലടക്കാൻ കഴിയാതെ ഒരു ഗ്രാമം വിയോഗ വാർത്ത കേട്ട് വിതുമ്പിക്കരഞ്ഞത്. അനീസ് അഷ്ഫാഖാണ് ഏക സഹോദരൻ.

Tags:    
News Summary - Arfas obituary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.