തിരുവനന്തപുരം: തന്നെ കായികായി നേരിടാൻ ഗൂഢാലോചന നടത്തിയെന്ന കണ്ണൂർ സർവകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രനെതിരായ ഗുരുതര ആരോപണങ്ങൾ ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതി നൽകാൻ ആഗ്രഹമുണ്ടായിരുന്നെങ്കിൽ അത് മൂന്നു വർഷം മുമ്പ് ആകാമായിരുന്നു. വ്യക്തിപരമായ പ്രശ്നമായല്ല ഇതിനെ കാണുന്നത്. വി.സി. ക്ഷണിച്ചാണ് പരിപാടിക്കെത്തിയത്. സുരക്ഷാവീഴ്ച ആരുടെ ഉത്തരവാദിത്തമാണെന്നും ഗവർണർ ചോദിച്ചു.
കറുത്ത ഷർട്ടിട്ടതിന്‍റെ പേരിൽ ആളുകളെ അറസ്റ്റ് ചെയ്ത് നാടാണ് കേരളം. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരിലും അറസ്റ്റുണ്ടായി. എന്നിട്ടും തനിക്കെതിരെ ആക്രമണമുണ്ടായതിൽ നടപടിയെന്നും ഉണ്ടായില്ല. ഇർഫാൻ ഹബീബ് ഗുണ്ടയാണെന്നും ഗവർണർ പറഞ്ഞു.
നിയമവിരുദ്ധ ബില്ലുകളിലൊന്നും താൻ ഒപ്പുവെക്കില്ല. ബിൽ നിയമമാകണമെങ്കിൽ ഗവർണർ ഒപ്പുവെക്കണം. ഭരണഘടനാ വിരുദ്ധമായ ബില്ലുകളിൽ ഒപ്പിടുമെന്ന് കരുതേണ്ട. അവർക്ക് ഇഷ്ടമുള്ള ചെയ്യട്ടെ എന്നും ബില്ലിൽ താൻ ഒപ്പുവെക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.
സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കും. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരം അനുവദിക്കില്ല. സർക്കാറിനെ സർവകലാശാലകളിൽ ഇടപെടാൻ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി.
പ്രിയ വർഗീസിന്‍റെ കാര്യത്തിൽ താൻ ചെയ്തത് തന്നെയാണ് ഹൈകോടതിയും ചെയ്തതെന്നും ഗവർണർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ണൂർ വി.സിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയത്. വൈസ് ചാൻസലർ ക്രിമിനലാണെന്ന് പറഞ്ഞ ഗവർണർ അദ്ദേഹം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചെന്നും ചൂണ്ടിക്കാട്ടി. തന്നെ കായികമായി നേരിടാൻ ഗൂഢാലോചന നടത്തിയെന്നും ഗവർണർ ആരോപിച്ചു.
ഇതിന് പിന്നാലെ വധഗൂഢാലോചന നടത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തതിൽ കണ്ണൂർ വി.സിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പൊലീസ് കമീഷണർ പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.