തിരുവനന്തപുരം: അരിക്കൊമ്പൻ ദൗത്യത്തിന് വനംവകുപ്പിന് ഇതുവരെ െചലവ് 80 ലക്ഷത്തോളം രൂപ. രണ്ടുമാസമായി ഊണും ഉറക്കവുമില്ലാതെ വനംവകുപ്പിന്‍റേതുൾപ്പെടെ സംവിധാനങ്ങൾ ദൗത്യത്തിനായി പ്രവർത്തിക്കുകയായിരുന്നു. ഉദ്യോഗസ്ഥരും ജീവനക്കാരുമായി 40 പേർ ഇതിന് പിറകിലുണ്ടായിരുന്നു. കഴിഞ്ഞമാസം പകുതിയോടെ മുത്തങ്ങയിൽ നിന്നടക്കം നാല് കുങ്കിയാനകളെ കൊണ്ടുവന്നു. അതിന്‍റെ യാത്ര, ക്യാമ്പ് ഒരുക്കൽ, ഭക്ഷണം അടക്കം െചലവുകൾ ഇതിന്‍റെ ഭാഗമാണ്. നിരവധി വാഹനങ്ങൾ ദൗത്യത്തിന് വേണ്ടി ഇടതടവില്ലാതെ ഓടി.
ചിന്നക്കനാലിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലെ ഉൾവനത്തിൽ തുറന്നുവിടുകയായിരുന്നു. കുമളിയിൽനിന്ന് 24 കിലോമീറ്റർ അകലെ പെരിയാർ റേഞ്ചിലെ മാവടിക്കും സീനിയറോടക്കും ഇടയിൽ ഞായറാഴ്ച പുലർച്ച അഞ്ചിനാണ് തുറന്നുവിട്ടത്. ആന ആരോഗ്യവാനാണെന്നും കുങ്കിയാനകളുടെ ബലപ്രയോഗത്തിനിടെ ശരീരത്തിലേറ്റ മുറിവുകൾ ഗുരുതരമല്ലെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.
ഉൾവനത്തിൽ തുറന്നുവിടുന്നതിനുമുമ്പ് ആനക്ക് ആരോഗ്യപരിശോധനകൾ നടത്തുകയും മുറിവുകൾക്ക് ചികിത്സിക്കുകയും ചെയ്തിരുന്നു. അരിക്കൊമ്പന്റെ ശരീരത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽനിന്ന് ആദ്യ സിഗ്നലുകൾ ലഭിച്ചുതുടങ്ങിയാതായി സി.സി.എഫ് ആർ.എസ്. അരുൺ പറഞ്ഞു. മൂന്നാറിൽനിന്ന് ശനിയാഴ്ച രാത്രി 10മണിയോടെ പെരിയാർ സങ്കേതത്തിലെത്തിയ അരിക്കൊമ്പനെ ആദിവാസികൾ ആചാരമര്യാദയോടെയാണ് വരവേറ്റത്. മഴയിൽ കുതിർന്ന കാട്ടിലെ വഴികൾ യന്ത്രങ്ങളുടെ സഹായത്തോടെ വൃത്തിയാക്കിയാണ് ആനയുമായി വന്ന വാഹനം ഉൾക്കാട്ടിൽ എത്തിച്ചത്.
കാടിന് നടുവിൽ മൺതിട്ടയിൽ ലോറിയുടെ പിൻഭാഗം ചേർത്തുനിർത്താവുന്ന രീതിയിൽ മണ്ണ് നിരപ്പാക്കിയശേഷം ആനയെ ലോറിയിൽനിന്ന് ഇറക്കി. പാതിമയക്കത്തിലായിരുന്ന ആന ഉണരുന്നതിന് കുത്തിവെപ്പ് നൽകി. ഇതിനുമുമ്പ് ബന്ധിച്ചിരുന്ന കയറുകൾ മുഴുവൻ നീക്കി. കുത്തിവെപ്പ് നൽകി 10 മിനിറ്റിനകം ഉണർന്ന ആന ചിന്നംവിളിച്ചതോടെ വനപാലകർ ജാഗ്രതയിലായി. ആകാശത്തേക്ക് നിറയൊഴിച്ച് ശബ്ദമുണ്ടാക്കിയപ്പോൾ ലോറിയിൽനിന്ന് പുറത്തിറങ്ങിയ ആന ചുറ്റുപാടും വീക്ഷിച്ചശേഷം തലയുയർത്തി പെരിയാർ വനമേഖലക്കുള്ളിലേക്ക് നടന്നുകയറി ഉൾക്കാട്ടിലൂടെ പച്ചക്കാട് ഭാഗത്തേക്കുപോയി. പുൽത്തകിടികളും വെള്ളവും ഈറ്റക്കാടുമുള്ള പച്ചക്കാട് പ്രദേശം ആനകളുടെ ഇഷ്ടകേന്ദ്രമാണ്.
അരിക്കൊമ്പന്റെ തുടര്‍ന്നുള്ള നീക്കങ്ങള്‍ ദൗത്യസംഘം നിരന്തരം നിരീക്ഷിക്കും. ഇതിനായി ദൗത്യസംഘത്തിലെ ഒരു ടീം കുമളിയിൽ തുടരുന്നുണ്ട്. ഒരുകിലോമീറ്റർ ചുറ്റളവിൽ ആനയെത്തിയാൽ മുന്നറിയിപ്പ് ശബ്ദം ലഭിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആനയുടെ സഞ്ചാരപഥം ഉപഗ്രഹം വഴി നിരീക്ഷിക്കാനുള്ള ക്രമീകരണവും തേക്കടിയിലെ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.