കോഴിക്കോട്: മകന്റെ തിരിച്ചുവരവിന്കാത്ത് കഴിയുന്ന അർജുന്റെ മാതാവിന്റെ വാക്കുകൾ കേൾക്കാത്തത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നവർ മാത്രം. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യത്തിൽ ക്ഷമയോടെയും പ്രാർഥനയോടെയും അഞ്ചുദിവസം കാത്തിരുന്ന കുടുംബം പ്രതീക്ഷകൾക്കൊത്തുയരാതെപോയ രക്ഷാദൗത്യത്തിനെതിരെ പ്രതികരിച്ചു.
ശനിയാഴ്ച വൈകീട്ട് കണ്ണാടിക്കലിലെ വീട്ടിൽവെച്ചാണ് അർജുന്റെ പിതാവ് മുലാടിക്കുഴിയിൽ പ്രേമനും മാതാവ് ഷീലയും ഭാര്യ കൃഷ്ണപ്രിയയും സഹോദരി അഞ്ജുവും മറ്റൊരു ദൗത്യസംഘത്തിന്റെ സഹായത്തിനായി കേഴുന്നത്. ‘‘ മകൻ ജീവനോടെ ഉണ്ടോയെന്നുപോലും അറിയില്ല. എല്ലാവരും പറയുന്നു സേഫായ വണ്ടിയിലാണുള്ളതെന്ന്. എന്റെ മനസ്സിലെ അവസ്ഥ എന്താണെന്നുപോലും എനിക്കറിയില്ല’’ -ഷീലയുടെ വാക്കുകൾ ഇടറി.
കർണാടകയിലെ രക്ഷാസംവിധാനത്തിൽ വിശ്വാസം നഷ്ടപ്പെട്ടു. മകൻ എവിടെയോ കുടുങ്ങിക്കിടക്കുകയാണെന്ന അവസ്ഥ ഓർക്കുമ്പോൾ പെട്ടെന്ന് ഭയം വരും. വിളിച്ചുകൂവുകയോ ആർക്കുകയോ എന്തൊക്കെയോ ചെയ്യുന്നുണ്ടാവും അവൻ. ആരും അറിയുന്നുണ്ടാവില്ല. ആരെങ്കിലും വരുമെന്ന് ബോധംപോകുംവരെ ചിന്തിക്കുന്നുണ്ടാകും. ഉടൻ അവനെ കണ്ടെത്തണം. എല്ലാം ചെയ്യാമെന്നല്ലാതെ ഒന്നും അവിടെ നടക്കുന്നില്ല’’ -ഷീല പറഞ്ഞു. പരാതി നൽകിയിട്ടും മനുഷ്യജീവന് വിലയില്ല. മകനുവേണ്ടിയാണ് അവിടെ മണ്ണെടുക്കാൻ തുടങ്ങിയത്. അതിനുശേഷം മൃതശരീരങ്ങൾ കിട്ടുന്നുണ്ട്. ഒന്നും പുറംലോകം അറിയുന്നില്ല. മകന്റെ വണ്ടി കിട്ടുമ്പോഴേക്കും എത്രപേരെ കിട്ടിയെന്നും പറയണം. എല്ലാവർക്കും നീതികിട്ടണം.
ഞങ്ങൾക്ക് ഭയമുണ്ട്. അവനെ തേടിപ്പോയ മക്കൾക്ക് ഹാനിവരുമോയെന്ന ഭയപ്പാടിലാണ്. വണ്ടിയുടെ ഉടമസ്ഥരെ എസ്.പി വേദനയാക്കിയിരിക്കുകയാണ്. മനസ്സ് കടലായിരിക്കുമ്പോൾ ഭീകരാന്തരീക്ഷമാണ് അവർ സൃഷ്ടിക്കുന്നതെന്നും ഷീല പറഞ്ഞു. ‘‘ഞങ്ങൾക്ക് ഒറ്റ ആവശ്യമേയുള്ളൂ, ഒന്നുകിൽ പട്ടാളത്തെ വിടണം, അല്ലെങ്കിൽ അവിടേക്ക് പോകാൻ ഏറെപേർ സന്നദ്ധരായിട്ടുണ്ട്. അവർക്കുവേണ്ട എല്ലാ ഉപകരണങ്ങളും നൽകാൻ ആളുണ്ട്. അവരെ പോകാൻ അനുവദിക്കണം’’ -രക്ഷാദൗത്യത്തിന്റെ പ്രവർത്തനങ്ങളിൽ നിരാശപൂണ്ട അർജുന്റെ സഹോദരി അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.