കരിപ്പൂര്‍: അന്തര്‍ സംസ്ഥാന സ്വര്‍ണക്കവര്‍ച്ച സംഘത്തലവന് ഉള്‍പ്പെടെ നാലംഗ സംഘം കരിപ്പൂര്‍ പൊലീസിന്റെ പിടിയിലായി. കണ്ണൂര്‍ അഴീക്കല്‍ സ്വദേശി അര്ജുന് ആയങ്കി (26), അഴീക്കല്‍ സ്വദേശി നിറച്ചന്‍ വീട്ടില്‍ പ്രണവ് (25), കണ്ണൂര്‍ അറവഞ്ചാല്‍ സ്വദേശി കാണിച്ചേരി സനൂജ് (22), തിരുവനന്തപുരം വെമ്പായം സ്വദേശി നൗഫല്‍ (26) എന്നിവരാണ് അറസ്റ്റിലായത്.
കണ്ണൂര്‍ പെരിങ്ങോമിനടുത്ത അരവഞ്ചാലിലെ മലമുകളില്‍നിന്നാണ് സംഘത്തെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ച ഒന്നോടെ നടത്തിയ രഹസ്യനീക്കത്തിലൂടെയാണ് സംഘം പിടിയിലായത്. നൗഫലിനെ രണ്ടുദിവസം മുമ്പ് വയനാട്ടിലെ രഹസ്യകേന്ദ്രത്തില്‍നിന്ന് പിടികൂടിയിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ ഇറങ്ങിയ അര്ജുന് കാക്കനാട് ജയിലില്‍ പരിചയപ്പെട്ട എറണാകുളം സ്വദേശികളെ കൂട്ടി പുതിയ സംഘം രൂപവത്കരിച്ചിരുന്നു. ിരുവനന്തപുരം സ്വദേശി നൗഫലുമായി ചേര്‍ന്ന് കാക്കനാട് വീട് വാടകക്ക് എടുത്ത് താമസിച്ചാണ് വിവിധ ജില്ലകളിലെ ക്വട്ടേഷന്‍ സംഘങ്ങള അര്ജുന് നിയന്ത്രിച്ചത്. യുവജനക്ഷേമ കമീഷന് വെമ്പായം പഞ്ചായത്ത് കോഓഡിനേറ്ററാണ് നൗഫല്‍. കഴിഞ്ഞ 11ന് കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിച്ച കള്ളക്കടത്ത് സ്വര്‍ണം തട്ടാനെത്തിയ ആയങ്കിയുടെ സംഘത്തിലെ അഞ്ചുപേരെ പിടികൂടിയിരുന്നു. ഇതറിഞ്ഞ് നൗഫല്‍ അര്ജുന് ആയങ്കിയുള്പ്പെടെയുള്ളവരെ ഇടുക്കിയിലെ തന്റെ റിസോർട്ടില്‍ താമസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോകാനുള്ള സൗകര്യങ്ങള്‍ ചെയ്തുനല്‍കി. ഇയാളുടെ വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അര്ജുന് ആയങ്കി കൊലപാതക ശ്രമമുള്‍പ്പെടെയുള്ള കേസില്‍ പ്രതിയാണ്. ഇവരില്‍നിന്ന് രണ്ട് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന കവര്‍ച്ചകളില്‍ ഈ സംഘത്തിന്റെ പങ്ക് അന്വേഷിച്ചുവരുകയാണ്- കൊണ്ടോട്ടി ഡിവൈ.എസ്.പി കെ. അഷറഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.