അരൂർ : തീരദേശ റെയിൽവേയിൽ ഏറ്റവും പ്രാധാന്യമുള്ള റെയിൽവേ സ്റ്റേഷനായി ഉയരേണ്ട അരൂർ അധികൃതരുടെ അവഗണനയിൽ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് നാട്ടുകാർ. തീരദേശ റെയിൽവേ എത്തിയിട്ട് മൂന്നരപതിറ്റാണ്ട് കഴിഞ്ഞിട്ടും പാസഞ്ചർ ട്രെയിനുകളിൽ മാത്രമാണ് അരൂർ സ്റ്റേഷനിൽ നിർത്തുന്നത്. ഹാൾട്ട് സ്റ്റേഷനായി തരംതാഴ്ത്തിയ അരൂർ സ്റ്റേഷൻ യാത്രക്കാരുടെ കുറവ് മൂലം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇപ്പോൾ രാവിലെയും വൈകിട്ടും ഇതുവഴി കടന്നുപോകുന്ന എറണാകുളത്തേക്കും ആലപ്പുഴയിലേക്കുമുള്ള നാല് പാസഞ്ചർ ട്രെയിനുകൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്.
ആലപ്പുഴയിൽ സർവീസ് അവസാനിക്കുന്ന ട്രെയിനുകൾക്കും, ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന ട്രെയിനുകൾക്കുമെങ്കിലും അരൂരിൽ സ്റ്റോപ്പ് അനുവദിച്ചാൽ അരൂർ സ്റ്റേഷൻ കൂടുതൽ സജീവമാകും. പാത ഇരട്ടിപ്പിന്റെ പ്രവൃത്തികൾ ആരംഭിക്കുന്ന വേളയിൽ ക്രോസിംഗ് സ്റ്റേഷനായി അരൂരിനെ വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രണ്ട് ക്രോസിംഗ് സ്റ്റേഷനുകൾക്കിടയിലുള്ള കുമ്പളം പാലത്തിൽ ഏതെങ്കിലും വിധത്തിലുള്ള തടസ്സങ്ങൾ ഉണ്ടായാൽ ട്രെയിനുകളെ ഇരു സ്റ്റേഷനുകളിലും പിടിച്ചിടുവാൻ സഹായകരമാകും. 1989ലാണ് എറണാകുളം-കായംകുളം തീരദേശ റെയിൽപാത നിലവിൽ വന്നത്. റെയിൽവേ സ്ഥലമെടുപ്പ് നടപടികളുമായി നീങ്ങിയപ്പോൾ ബി ക്ലാസ് സ്റ്റേഷനായി ഉയർത്താനുള്ള ഭൂമി റെയിൽവേ അധികൃതർ അരൂരിൽ ഏറ്റെടുത്തിരുന്നു.
റെയിൽവേ ക്വാർട്ടേഴ്സും,ഹാൾട്ടിങ് സ്റ്റേഷനും വിപുലമായ സൗകര്യങ്ങളും റെയിൽവേയുടെ ലക്ഷ്യമായിരുന്നു. എന്നാൽ, നിർമാണവേളയിലുണ്ടായ തൊഴിൽ തർക്കങ്ങൾമൂലം ഡി ക്ലാസ് സ്റ്റേഷനായി പരിമിതപ്പെടുത്തുകയാണുണ്ടായത്. സമീപത്തെ സ്റ്റേഷനുകളിലെ വികസനങ്ങൾപോലും അരൂരിൽ ഉണ്ടായില്ല. വ്യവസായ കേന്ദ്രം, കെൽട്രോൺ തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ സാന്നിധ്യം, പെരുമ്പളം,പാണാവള്ളി, കുമ്പളങ്ങി തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് അരൂർ റെയിൽവേ സ്റ്റേഷനിൽ എത്താനുള്ള എളുപ്പമാർഗം എന്നിവയൊന്നും റെയിൽവേ പരിഗണിച്ചില്ല.
ആദായകരമല്ലാത്ത ചെറുകിട റെയിൽവേ സ്റ്റേഷനുകളുടെ പ്രവർത്തനം നിർത്തുന്നതിന് മുന്നോടിയായാണ് ടിക്കറ്റ് വിതരണം കരാറുകാർക്ക് കൈമാറുന്നതെന്ന് ആശങ്കയുണ്ട്. സ്റ്റേഷന്റെ പ്രവർത്തനം പൂർണമായി നിർത്തലാക്കുന്നതിന്റെ ആദ്യഘട്ടമായാണ് ഇത്തരം നിയമനങ്ങൾ നടത്തുന്നതെന്ന് റെയിൽവേ ജീവനക്കാർ പറയുന്നു.
യാത്രക്കാർ കൂടുതലായി ഓൺലൈൻ ടിക്കറ്റുകളെ ആശ്രയിക്കുന്നതും സീസൺ ടിക്കറ്റുകൾ ഉൾപ്പെടെയുള്ളവക്ക് റെയിൽവേയുടെ ആപ് ഉപയോഗിക്കുന്നതുംമൂലം അരൂർ സ്റ്റേഷനിൽ വരുമാനം തീരെ കുറഞ്ഞെന്നാണ് അധികൃതർ പറയുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കുമ്പോഴെങ്കിലും ആലപ്പുഴയുടെ പ്രധാന വ്യവസായ കേന്ദ്രമായ അരൂരിലെ റെയിൽവേ സ്റ്റേഷൻ നിലനിർത്താനുള്ള ചർച്ച പോലും പ്രധാന രാഷ്ട്രീയ പാർട്ടികൾ ഉയർത്തുന്നില്ലെന്ന് നാട്ടുകാർക്ക് വിമർശനമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.