തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങൾക്ക് കൃത്രിമമായി വിലവര്‍ധിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ല കലക്ടർമാര്‍ക്ക് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ നിർദേശം നൽകി. വിലക്കയറ്റത്തെക്കുറിച്ച് ചർച്ചചെയ്യാൻ വിളിച്ച കലക്ടര്‍മാരുടെയും ജില്ല സപ്ലൈ ഓഫിസര്‍മാരുടെയും ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടെയും യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. കേരളത്തില്‍ മാത്രം വിലവർധിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും സർക്കാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
വിലനിലവാരം കൃത്യമായി പ്രദര്‍ശിപ്പിക്കാത്ത കടകൾക്കെതിരെ ശക്തമായ നടപടികളെടുക്കും. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ തടയുന്നതിന് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്ക്വാഡ് രൂപവത്കരിച്ച് പരിശോധന ശക്തമാക്കണം.
എല്ലാ ആഴ്ചയും വിലനിലവാരം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കണം. ഭക്ഷ്യോൽപന്നങ്ങളുടെ ലഭ്യത യഥേഷ്ടം ഉറപ്പുവരുത്തണമെന്നും താലൂക്ക് തലങ്ങളില്‍ അവലോകന യോഗങ്ങൾ നടത്തി സ്ഥിതി വിലയിരുത്തണമെന്നും മന്ത്രി നിർദേശിച്ചു.
ലാന്‍ഡ് റവന്യൂ കമീഷണര്‍ പി. ബിജു, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ സെക്രട്ടറി അലി അഡ്ഗർ പാഷ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമീഷണര്‍ ഡി. സജിത് ബാബു, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ജോണ്‍ സാമുവല്‍, കലക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.