കോഴിക്കോട് : മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ വയനാട്ടിൽ ഭൂമി ഏറ്റെടുക്കാനുള്ള ഹരജിയിലെ ഹൈകോടതി വിധി ഇരുതല മൂർച്ചയുള്ള വാളായെന്ന് വിലയിരുത്തൽ. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ മാതൃകാ ടൗൺഷിപ്പിനായി കണ്ടെത്തിയ ഭൂമി അളക്കൽ നടപടിയുമായി മുന്നോട്ടുപോകാമെന്ന നിർദേശം സർക്കാരിന് പുനരധിവാസത്തിന് മുന്നോട്ടു പോകാനുള്ള വഴി തുറന്നു. പുനരധിവാസം അടിയന്തിരമായി നടപ്പാക്കണമെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസമില്ല.
പൊതുതാൽപ്പര്യപ്രകാരം ഭൂമിയേറ്റെടുക്കാൻ സർക്കാരിന് പരമാധികാരമുണ്ടെന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കിയത്. തോട്ടം ഉടമകൾക്ക് 2013ലെ ഭൂമിയേറ്റെടുക്കൽ, പുനരധിവാസ നിയമപ്രകാരം മതിയായ നഷ്ടപരിഹാരം നൽകണം എന്ന് ആവശ്യപ്പെട്ടു. നിയമപ്രകാരമുള്ള നഷ്ടപരിഹാരത്തുക സർക്കാർ തീരുമാനിച്ച് എസ്റ്റേറ്റ് ഉടമകൾക്ക് കൈമാറണം. തുക സംബന്ധിച്ച് ധാരണയിൽ എത്തണം. നഷ്ടപരിഹാരത്തിൽ തർക്കമുണ്ടെങ്കിൽ ഉടമകൾക്ക് നിയമനടപടി സ്വീകരിക്കാമെന്നാണ് കോടതി ഉത്തരവ്. ഇത് വിധിയുടെ ഒരു പുറമാണ്.
അതേസമയം, ജസ്റ്റിസ് കൗസർ എടപ്പഗത്തിൻെറ വിധിയിലെ ചില പരാമർശങ്ങൾ സിവിൽ കേസിൽ സർക്കാരിന് കനത്ത തിരിച്ചടിയാവുമെന്നും നിയമവിദഗ്ധർ പറയുന്നു. ഭൂമി പണം കൊടുത്ത് ഏറ്റെടുത്തിട്ട് ഹൈക്കോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണം എന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.
സർക്കാർ നഷ്ടപരിഹാരം മുൻകൂർ നൽകണമെന്നാണ് തോട്ടം കൈവശം വെച്ചിരിക്കുന്നവർ കോടതിയിൽ ആവശ്യപ്പെട്ടത്. തുക കോടതിയിൽ കെട്ടിവെക്കാമെന്ന സർക്കാർ നിലപാട് കോടതി അംഗീകരിച്ചില്ല. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം നഷ്ടപരിഹാരം വേണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. അത് കോടതി അംഗീകരിച്ചു. ഭൂമിയുടെ ടൈറ്റിൽ സംബന്ധിച്ച കേസ് സിവിൽ കോടതിയിലുള്ളതിനാൽ നഷ്ടപരാഹാരത്തുക കോടതിയിൽ കെട്ടവെക്കാമെന്നായിരുന്നു സർക്കാർ അറിയിച്ചത്. സർക്കാരിന്റെ ഈ നിലപാട് നിഷ്കരുണം ഹൈകോടതി തള്ളി.
അതുപോലെ, ഹൈകോടതി വിധിയിലെ ചില പരാമർശങ്ങൾ അംഗീകരിച്ചാൽ നിലവിൽ സർക്കാർ സിവിൽ കോടിതിയിൽ നൽകിയ എല്ലാ കേസുകളും റദ്ദാകും. ഇക്കാര്യത്തിൽ ഹൈകോടതിയിൽ നടന്നത് സർക്കാരും തോട്ട ഉടമകളും തമ്മിലുള്ള ഒത്തുകളിയാണെന്ന് ഗവ. മുൻ സ്പെഷ്യൽ പ്ലീഡൻ അഡ്വ. സുശീല ആർ. ഭട്ട് 'മാധ്യമം ഓൺലൈനോ'ട് പറഞ്ഞു. മന്ത്രി കെ. രാജൻ ഇക്കാര്യം തിരിച്ചറിയാതെയാണ് വിധിയെ പൂർണമായും സ്വാഗതം ചെയ്യുന്നത്.
ഹാരിസൺസ് കേസിൽ ഹൈകോടതി ജസ്റ്റിസ് വിനോദ് ചന്ദ്രന്റെ വിധിന്യായത്തിൽ, തർക്കത്തിലുള്ള ഭൂമിക്കുമേൽ തോട്ടം ഉടമകൾക്ക് ടൈറ്റിൽ ഉണ്ടെന്ന് കണ്ടെത്തിയിരുന്നില്ല. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലകളിലെ ഭൂമി ഏറ്റെടുത്ത് സ്പെഷ്യൽ ഓഫിസർ എം.ജി രാജമാണിക്യം നോട്ടീസ് നൽകിയതിനെ തുടർന്നാണ് ഹൈകോടതിയിൽ ജസ്റ്റിസ് വിനോദ് വിനോദ് ചന്ദ്രൻ വിധി പ്രസ്താവിച്ചത്. സ്പെഷ്യൽ ഓഫീസർ വയനാട്ടിലെ തോട്ടങ്ങളുടെ രേഖ അന്ന് പരിശോധിച്ചിരുന്നില്ല. നടപടിയും സ്വീകരിച്ചിട്ടില്ല.
ഡിവിഷൻ ബഞ്ചിന്റെ വിധിയിൽ വയനാട് എസ്റ്റേറ്റുകൾ ഇല്ല. ഡിവിഷൻ ബഞ്ച് പറഞ്ഞത് ടൈറ്റിൽ സംബന്ധിച്ച കേസിൽ വിധി നിശ്ചയിക്കുന്നതിന് ഹൈകോടതിക്ക് അധികാരമില്ലെന്നാണ്. കേരള ഭൂപരിഷ്കരണ നിയമ പ്രകാരം സ്പെഷ്യൽ ഓഫീസർക്ക് ഭൂമി ഏറ്റെടുക്കാനുള്ള അവകാശം ഇല്ല. അതിനാൽ ഉടമസ്ഥത സംബന്ധിച്ച വിധിയിലേക്ക് ഹൈകോടതി കടന്നില്ല. അതിനാലാണ് റവന്യൂ വകുപ്പ് 2019ൽ സിവിൽ കോടതിയിൽ കേസ് നൽകാൻ റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കിയത്.
പാട്ടമായോ ദാനമായോ 1947ന് മുമ്പ് രാജഭരണകാലത്ത് ബ്രിട്ടീഷ് കമ്പനികൾക്കും വ്യക്തികൾക്കും നൽകിയ ഭൂമിയാണിത്. അതിനാൽ ടൈറ്റിൽ സർക്കാരിന്‍റേത് തന്നെ. സർക്കാർ ഭൂമിക്ക് നികുതി സ്വീകരിച്ചാലും അത് സ്വകാര്യ വ്യക്തിയുടെ കമ്പനിയുടെയും ഭൂമിയായിത്തീരില്ല. ഭൂമി കൈവശം വെച്ചിരിക്കുന്നവർക്കല്ല ഉടമസ്ഥനാണ് നഷ്ടപരിഹാരം നൽകേണ്ടത്. തോട്ടം കൈവശം വെച്ചിരിക്കുന്നവർക്ക് ഉടമസ്ഥതയുണ്ടെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് കണ്ടെത്തി എന്ന ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ പരാമർശം തിരുത്തിയില്ലെങ്കിൽ കേരളത്തിന് അപകടമാണ്. സിവിൽ കോടതിയിൽ സർക്കാർ നൽകിയ എല്ലാ കേസുകളും റദ്ദു ചെയ്യുന്ന പരാമർശമാണിത്.
ജസ്റ്റിസ് കൗസർ എടപ്പഗത്തിൻെറ വിധി വായിച്ചാൽ സർക്കാരിനുവേണ്ടി പറയേണ്ട കാര്യങ്ങൾ എ.ജി അടക്കമുള്ളവർ പറഞ്ഞിട്ടില്ലെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. ജസ്റ്റിസ്. വിനോദ് ചന്ദ്രൻറെ ഡിവിഷൻ ബെഞ്ചിന്റെ വിധി തെറ്റായി വ്യാഖ്യാനിക്കാനാണ് ഇപ്പോൾ ജസ്റ്റിസ് കൗസർ എടപ്പഗത്ത് ചെയ്തിരിക്കുന്നത്. ഈ വിധിക്കെതിരെ സർക്കാർ റിവ്യൂവിന് അപേക്ഷ നൽകി ഈ ജഡ്ജിയെ കൊണ്ട് തന്നെ വിധിയിലെ പരാമർശം തിരുത്തിപ്പിക്കണമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. അതല്ലെങ്കിൽ റിവിഷൻ അപ്പീൽ പോയി ഈ വിധിയിലെ തെറ്റായ പരാമർശങ്ങൾ തിരുത്തണം.
ഇത് സർക്കാർ ചെയ്തില്ലെങ്കിൽ എസ്റ്റേറ്റ് ഉടമകൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിക്ക് സംരക്ഷണം നൽകൽ ആയിരിക്കും ഫലം. വയനാട് കലക്ടർ സുൽത്താൻ ബത്തേരി കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തുവെങ്കിലും വയനാട്ടിലെ റവന്യൂ സംവിധാനം തോട്ടം കൈവശം വെച്ചിരുക്കവരെ സഹായിക്കുന്ന നിലപാടാണ് ഇതുവരെ സ്വീകരിച്ചത്. പ്രതിപക്ഷവും തോട്ടം ഭൂമി കൈവശം വെച്ചരിക്കുന്നവർക്ക് ഒപ്പമായതിനാൽ എതിർപ്പ് ഉയരാൻ സാധ്യതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.