കരിപ്പൂർ: ഈ വർഷത്തെ ഹജ്ജിന് 65 വയസ്സ് പ്രായപരിധി ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ അപേക്ഷകരുടെ എണ്ണം കുത്തനെ കുറഞ്ഞു. പുതിയ മാർഗനിർദേശം വന്നതോടെ 3000ത്തോളം അപേക്ഷകർക്ക് അവസരം നഷ്ടമായെന്ന് ഹജ്ജ് കമ്മിറ്റി അധികൃതർ പറഞ്ഞു. പ്രായപരിധി ഏർപ്പെടുത്തിയതിനാൽ 1900ത്തോളം അപേക്ഷകരാണ് നേരിട്ട് അയോഗ്യരായത്. ഇവരെ ആശ്രയിച്ച് അപേക്ഷ നൽകിയ ആയിരത്തോളം പേർക്കും അവസരം നഷ്ടമാകും. ഇതോടെ, കേരളത്തിൽ നിന്നുള്ള അപേക്ഷകരുടെ എണ്ണം ഒമ്പതിനായിരത്തിലേക്ക് ചുരുങ്ങി.
12,806 പേരാണ് അപേക്ഷ നൽകിയത്. ഇതിൽ 771 പേർ 70 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിലും 1746 പേർ മെഹ്റം (ആൺതുണ) ഇല്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലും (എൽ.എം.ഡബ്ല്യു) 10,289 പേർ ജനറൽ വിഭാഗത്തിലുമായിരുന്നു. 70 വയസ്സിന് മുകളിലുള്ള അപേക്ഷകൾ പൂർണമായി റദ്ദായി. ഈ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി കഴിഞ്ഞ ദിവസം മുതൽ പുതുതായി അപേക്ഷ ക്ഷണിച്ചിരുന്നു. ഇത് പ്രകാരം വ്യാഴാഴ്ച വരെ 127 പേരാണ് അപേക്ഷ സമർപ്പിച്ചത്. ഏപ്രിൽ 22 വരെയാണ് പുതിയ മാനദണ്ഡപ്രകാരം ഓൺലൈനായി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി.
70 വയസ്സിന് മുകളിലുള്ളവർക്ക് പുറമെ 45 വയസ്സിന് മുകളിലുള്ള മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിലും നിരവധി പേർക്ക് അവസരം നഷ്ടമായി. എൽ.എം.ഡബ്ല്യു വിഭാഗത്തിൽ കുറഞ്ഞത് നാലുപേർക്കും പരമാവധി അഞ്ചുപേർക്കുമാണ് അപേക്ഷിക്കാനാകുക. നാലുപേരടങ്ങിയ സംഘത്തിൽ ഒരാൾക്ക് 65 വയസ്സ് പ്രായപരിധിയെ തുടർന്ന് അവസരം നഷ്ടമായാൽ കൂട്ടത്തിലുള്ള ആർക്കും പോകാൻ സാധിക്കില്ല. പകരം പുതുതായി ഒരാളെ കൂട്ടിച്ചേർക്കണം. അല്ലെങ്കിൽ രണ്ട് സംഘങ്ങളെ ഒരൊറ്റ കവറിൽ ഉൾപ്പെടുത്തിയും പോകാം. അഞ്ച് പേരുള്ള സംഘത്തിൽ ഒരാൾക്ക് പ്രായപരിധി മൂലം അവസരം നഷ്ടമായാലും മറ്റ് നാലുപേർക്ക് പോകാനാകും. അതേസമയം, ജനറൽ വിഭാഗത്തിൽ കൂടുതൽ പുരുഷൻമാരുള്ള സംഘത്തിൽ ഒരാൾക്ക് പുതിയ നിബന്ധന പ്രകാരം യാത്ര മുടങ്ങിയാലും മറ്റുള്ളവരെ ബാധിക്കില്ല.
എന്നാൽ, യാത്ര മുടങ്ങുന്നത് പുരുഷനും ബാക്കിയുള്ളവർ സ്ത്രീകളുമാണെങ്കിൽ പകരം മറ്റൊരാളെ കണ്ടെത്തിയില്ലെങ്കിൽ എല്ലാവരുടെയും അവസരം നഷ്ടമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.