അലനല്ലൂർ: ഓട്ടോറിക്ഷയിൽ ആദിവാസി യുവതിക്ക് പ്രസവ സൗകര്യമൊരുക്കി ആശാ വർക്കർ. കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാവർക്കർ മൈമൂനയാണ് കാപ്പുപറമ്പ് ചൂരിയോട് കോളനിയിലെ ബാബുവിൻെറ ഭാര്യ ലീലക്ക് തുണയായത്.
തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് ലീലയുടെ ഭർത്താവ് മൈമൂനയെ ഫോണിൽ വിളിച്ച് ഭാര്യക്ക് പ്രസവവേദനയുള്ള കാര്യം അറിയിക്കുന്നത്. ആശുപത്രിയിലെത്തിക്കാനായി വാഹനമൊന്നും ലഭിച്ചതുമില്ല. ഇതോടെ മൈമൂന, സലാം എന്നയാളുടെ ഓട്ടോയിൽ അഞ്ചരയോടെ ലീലയുടെ വീട്ടിലെത്തുകയായിരുന്നു.
ലീലയുമായി ഓട്ടോയിൽ മണ്ണാർക്കാട് താലൂക്ക് ആശുപത്രി ലക്ഷ്യമാക്കി പാഞ്ഞു. കാപ്പുപറമ്പ് എത്തിയപ്പോഴേക്കും പ്രസവ വേദന കഠിനമായി. തുടർന്ന് മൈമൂന ഓട്ടോയിൽ വെച്ച് പ്രസവമെടുത്ത് അമ്മയെയും പെൺകുഞ്ഞിനെയും രക്ഷിക്കുകയായിരുന്നു. അമ്മയെയും കുഞ്ഞിനെയും ഇതേ ഓട്ടോയിൽ തന്നെ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ശേഷമാണ് മൈമൂന മടങ്ങിയത്.
ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ വൈകീട്ടോടെ ലീലയും കുഞ്ഞും വീട്ടിൽ തിരിച്ചെത്തി. ബാബു - ലീല ദമ്പതികളുടെ അഞ്ചാമത്തെ കുട്ടിയാണിത്.
ആ സമയത്ത് ലഭിച്ച മനോദൈര്യമാണ് കുട്ടിയെ പുറത്തെടുക്കാൻ സഹായിച്ചതെന്ന് മൈമൂന പറയുന്നു. സംഭവം പുറത്തറിഞ്ഞതോടെ കുമഞ്ചീരി വീട്ടിൽ അബൂബക്കറിൻെറ ഭാര്യ മൈമൂനക്ക് അഭിനന്ദന പ്രവാഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.