തിരുവനന്തപുരം: വേതന വർധനയുൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി നിവേദനം സമർപ്പിച്ചു. സമരം ചെയ്യുന്ന കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവരാണ് തിങ്കളാഴ്ച വൈകീട്ട് മൂന്നു മണിയോടെ, മന്ത്രിയുടെ ഓഫിസിലെത്തി കൂടിക്കാഴ്ച നടത്തിയത്.
ഓണറേറിയം വർധന അംഗീകരിക്കണമെന്ന് മന്ത്രിയോട് അവർ ആവശ്യപ്പെട്ടു.അഞ്ച് ആവശ്യങ്ങൾ അടങ്ങിയ നിവേദനം മന്ത്രിക്ക് നൽകുകയും ചെയ്തു. ആശ സമരം സമവായത്തിലെത്താനുള്ള സാധ്യത വർധിച്ചതായാണ് കഴിഞ്ഞ ദിവസത്തെ ചർച്ചയെ തുടർന്ന് അഭിപ്രായം ഉയർന്നിരിക്കുന്നത്.
മൂന്നുതവണ ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് തൊഴിൽമന്ത്രിയെ സമരസമിതി നേതാക്കൾ കണ്ടത്. കമ്മിറ്റിയെ നിയോഗിക്കാനുള്ള സമയദൈർഘ്യം ഒരു മാസമായി കുറക്കുക എന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ആരോഗ്യമന്ത്രിയുമായി സംസാരിക്കാമെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചതായി സമരസമിതി നേതാക്കൾ പറഞ്ഞു.
വേതന വർധന പ്രഖ്യാപിച്ചാൽ മാത്രമേ, സമരം അവസാനിപ്പിക്കൂവെന്ന് മന്ത്രിയെ അറിയിച്ചതായും നേതാക്കൾ പറഞ്ഞു. സമരം അവസാനിപ്പിക്കുന്നതിനായി ഇടപെടൽ നടത്താമെന്ന തൊഴിൽ മന്ത്രിയുടെ വാക്കുകളിൽ പ്രതീക്ഷയുണ്ടെന്ന് വി.കെ. സദാനന്ദൻ പറഞ്ഞു. സമരം ശക്തമായി തുടരുകയും ആവശ്യങ്ങൾ നേടിയെടുക്കുന്നതിന് സർക്കാർ നടത്തുന്ന ഇടപെടലുകളിൽ പരമാവധി സഹകരിക്കുകയും ചെയ്യുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അസോസിയേഷൻ.
സമരസമിതി നേതാക്കൾ തൊഴിൽ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെ ആരോഗ്യമന്ത്രി വീണാ ജോർജ് സ്വാഗതം ചെയ്തു. ആശമാരുടെ ആവശ്യങ്ങള്‍ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുകയെന്നത് മുൻ ചർച്ചയിലെടുത്ത തീരുമാനമാണ്. അതുമായി മുന്നോട്ടുപോകും. ഐ.എ.എസ് ഉദ്യോഗസ്ഥനായിരിക്കും കമ്മിറ്റിയുടെ മേധാവിയെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.