കോഴിക്കോട്: ഏഷ്യയിലെ ആദ്യ വനിത മാളിന് അകാല ചരമം. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച മാളിലെ സംരംഭകരോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. 11 മാസത്തെ കരാറിലാണ് കടമുറികൾ നൽകിയതെന്നും കരാർ കാലാവധി കഴിഞ്ഞതിനാൽ കടമുറി ഒഴിയണമെന്നും ആവശ്യപ്പെട്ട് കെട്ടിട ഉടമ കടയുടമകൾക്ക് വക്കീൽ നോട്ടീസ് അയച്ചതായി കടയുടമയായ അനിത ജെയിംസ് പറഞ്ഞു.
തുണിത്തരങ്ങൾ, ഫാൻസി ഇനങ്ങൾ, ബാഗുകൾ, ഡ്രൈഫ്രൂട്സ്, അടുക്കള ഉപകരണങ്ങൾ തുടങ്ങി വിവിധ ഉൽപന്നങ്ങൾ വിൽക്കുന്നതിനായി 75 ഷോപ്പുകളും കുടുംബശ്രീ പ്രവർത്തകരുടെ ഉൽപന്നങ്ങൾ മാത്രം വിൽക്കുന്നതിനായി മൈക്രോ ബസാർ വിഭാഗത്തിലായി 17 കൗണ്ടറുകളുമാണ് മാളിൽ ഉണ്ടായിരുന്നത്. ഇവിടങ്ങളിലായി നൂറോളം വനിതകൾ െതാഴിലെടുക്കുന്നുണ്ട്.
11 മാസത്തെ കരാറിലാണ് കടകൾ വാടകക്ക് എടുത്തത്. 10 മാസത്തെ വാടക മുൻകൂറായി നൽകിയിട്ടുണ്ട്. കൂടാതെ കടകളുടെ വലുപ്പത്തിനനുസരിച്ച് ആറുലക്ഷം മുതൽ മുകളിലോട്ട് വരുന്ന തുക ഇൻറീരിയർ ഡിസൈനിങ്ങിനുവേണ്ടി ചെലവഴിക്കുകയും ചെയ്തു. ഇത്രയും ഭീമമായ തുക ചെലവഴിച്ചിട്ട് 11മാസം മാത്രമേ കട ഉപയോഗിക്കാൻ അനുവദിക്കൂവെന്ന് പറയുന്നത് കടയുടമകളെ വഞ്ചിക്കലാണെന്ന് മറ്റൊരു കടയുടമയായ ടി.മിനിയും വ്യക്തമാക്കി.
മഹിളാമാളിന് സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളിലെല്ലാം ചതുരശ്ര അടിക്ക് 30 രൂപയാണ് വാടക എന്നിരിക്കെ വനിത സംരംഭകരോട് കുടുംബശ്രീ മാനേജ്മെൻറ് ഇൗടാക്കുന്നത് 130 രൂപയാണ്. എന്നാൽ, വാണിജ്യ മാളിന് വേണ്ട ഒരു സൗകര്യങ്ങളും ഇവിടെ ഇല്ല.
ആളുകളെ ആകർഷിക്കുന്ന തരത്തിൽ മൾട്ടി പ്ലക്സ് തിയറ്റർ, പ്ലേ സോൺ, റൂഫ് ഗാർഡനോടുകൂടിയ ഫുഡ് കോർട്ട്, ജിംനേഷ്യം, ഷി ടാക്സി, ഓട്ടോമാറ്റിക് കാർ വാഷിങ് സെൻറർ, സൂപ്പർ മാർക്കറ്റ് എന്നിവ ഒരുക്കുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചെങ്കിലും ഇതൊന്നും നടപ്പായില്ല.
മാൾ മാർച്ച് 24ന് അടച്ചതാണ്. ജൂണിൽ മാളുകൾ തുറക്കാമെന്ന് സർക്കാർ അറിയിച്ചെങ്കിലും മാനേജ്മെൻറ് തുറക്കാൻ തയാറായില്ല. ആറുമാസത്തോളം അടച്ചുപൂട്ടിയതിനാൽ ഉൽപന്നങ്ങളെല്ലാം നശിച്ചുപോയിരിക്കുമെന്ന് കടയുടമകൾ പറയുന്നു. മാൾ അടച്ചുപൂട്ടാൻതന്നെയാണ് തീരുമാനമെങ്കിൽ നിയമപരമായി നീങ്ങുകയും പ്രത്യക്ഷ സമര പരിപാടികൾ തുടങ്ങുെമന്നും കടയുടമകൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.