തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഫെബ്രുവരി അഞ്ചിന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. നിയമസഭാ സമ്മേളനം ജനുവരി 25 മുതല്‍ വിളിച്ചു ചേർക്കാൻ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. രണ്ടു ഘട്ടമായി മാർച്ച് 27 വരെ നീളുന്ന രീതിയിൽ സമ്പൂർണ ബജറ്റ് സമ്മേളനമാണു ചേരുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ സമ്മേളനം വെട്ടിച്ചുരുക്കി വോട്ട് ഓൺ അക്കൗണ്ട് പാസാക്കി സഭ നേരത്തേ പിരിയും. 25ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുക. ആദ്യഘട്ടത്തിൽ ഫെബ്രുവരി 14 വരെയായിരിക്കും സഭ സമ്മേളിക്കുക. 12 ദിവസത്തെ ഇടവേളക്ക് ശേഷം ഫെബ്രുവരി 26ന് വീണ്ടും ചേരും. സർക്കാറുമായി പരസ്യ ഏറ്റുമുട്ടൽ തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപനം നടത്തുന്നതിനാൽ സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.
സർക്കാർ തയാറാക്കി നൽകുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര വിമർശനം ഉൾപ്പെടെയുള്ളവ കടന്നുവന്നേക്കാം. ഇതിൽ ഗവർണർ ഏതെങ്കിലും ഭാഗം വായിക്കാതെ വിടുമോ എന്നതടക്കം നിർണായകമാണ്. ഭരണഘടനാ ചുമതല നിർവഹിക്കാൻ ബാധ്യസ്ഥനാണെന്നും നയപ്രഖ്യാപന പ്രസംഗം നടത്തുമെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ചേരുന്ന സമ്മേളനം രാഷ്ട്രീയ വിവാദങ്ങളാൽ ഏറെ പ്രക്ഷുബ്ധമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.