തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കാരണം നീട്ടിവെച്ച 15ാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം തിങ്കളാഴ്ച പുനരാരംഭിക്കും. വ്യാഴാഴ്ച വരെ നാലുദിവസമാണ് സമ്മേളനം ചേരുന്നത്. പുതുപ്പള്ളിയിലെ വമ്പൻ ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം സഭയിലെത്തുക. പിണറായി സർക്കാറിനെതിരായ ജനവിധിയെന്ന് ചൂണ്ടിക്കാട്ടി സഭയിൽ ആഞ്ഞടിക്കാനാണ് സാധ്യത.
പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. അക്കാര്യത്തിൽ പിണറായി വിജയനെ കൊണ്ട് പ്രതികരിപ്പിക്കാനുള്ള സമ്മർദം പ്രതിപക്ഷത്തുനിന്നുണ്ടാകും. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന സി.ബി.ഐ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതും പ്രതിപക്ഷം ആയുധമാക്കും.
ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം ഉമ്മൻ ചാണ്ടിയെ സി.പി.എം വേട്ടയാടിയത് ഉന്നയിക്കാൻ കിട്ടിയ അവസരം പ്രതിപക്ഷം ഉപയോഗപ്പെടുത്തിയാൽ സഭാതലം പ്രക്ഷുബ്ധമാകാനാണ് സാധ്യത.
അതേസമയം, മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരായ മാസപ്പടി വിവാദം അടിയന്തരപ്രമേയമായി ഉന്നയിക്കുന്നതിൽ പ്രതിപക്ഷത്ത് ധാരണയായിട്ടില്ല. യു.ഡി.എഫ് നേതാക്കളുടെ കൂടി പേരു കൂടിയുള്ളതിനാൽ കരുതലോടെയാകും പ്രതിപക്ഷം നീങ്ങുക.
സി.പി.എമ്മിന്റെ എ.സി. മൊയ്തീൻ എം.എൽ.എ തിങ്കളാഴ്ച കൊച്ചിയിൽ ഇ.ഡി മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാവുകയാണ്. കോടികളുടെ കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യൽ. ഇക്കാര്യവും ചർച്ചയാകും.
പ്രധാനമായും നിയമനിർമാണം പരിഗണിക്കാനാണ് സഭ ചേരുന്നത്. 15 ബില്ലുകളാണ് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ളത്. 1960ലെ ഭൂപതിവ് നിയമ ഭേദഗതി ബില്‍, കെട്ടിട നികുതി ബിൽ ഭേദഗതി തുടങ്ങിയവയാണ് പരിഗണിക്കുന്നത്. സഭാ സമ്മേളനം രാഷ്ട്രീയ വിഷയങ്ങളിൽ ആളിക്കത്തിയാൽ നാലുദിവസം കൊണ്ട് ഇതില്‍ എത്രയെണ്ണം പരിഗണിക്കാന്‍ കഴിയുമെന്നത് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.