തൃശൂർ: ബി.എസ്.എൻ.എല്ലിലെ രണ്ടാം വി.ആർ.എസ് (സ്വയം വിരമിക്കൽ പദ്ധതി) നീക്കത്തിനെതിരെ ശക്തമായ എതിർപ്പുമായി ഓഫിസർമാരുടെയും ജീവനക്കാരുടെയും സംഘടനകളുടെ ഐക്യവേദി. നീക്കം ചെറുക്കാനുള്ള പരിപാടികൾ ആലോചിക്കാൻ ബി.എസ്.എൻ.എൽ എംപ്ലോയിസ് യൂനിയൻ, എൻ.എഫ്.ടി.ഇ, സഞ്ചാം നിഗാം എംപ്ലോയിസ് അസോസിയേഷൻ, എ.ഐ.ജി.ഇ.ടി.ഒ.എ, എസ്.ഇ.ഡബ്ല്യു.എ പ്രതിനിധികൾ ഓൺലൈൻ യോഗം ചേർന്നു.
ബി.എസ്.എൻ.എൽ മാനേജ്മെന്റും ടെലികോം വകുപ്പും നടത്തുന്ന രണ്ടാം വി.ആർ.എസ് നീക്കത്തിൽ യോഗം പ്രതിഷേധമറിയിച്ചു. 2019ലെ വി.ആർ.എസിൽ 80,000 ജീവനക്കാർ പുറത്തുപോയതിന് പുറമെ 2,93,524 എക്സിക്യൂട്ടിവ്, നോൺ-എക്സിക്യൂട്ടിവ് തസ്തികകൾ പുനഃസംഘടനയുടെ പേരിൽ ഇല്ലാതാക്കിയിരുന്നു. ഇത് ജീവനക്കാർക്ക് കടുത്ത ജോലിഭാരമാണ് ഉണ്ടാക്കിയത്. സേവനം മോശമായതിനാൽ ലാൻഡ്ലൈൻ, ബ്രോഡ്ബാൻഡ് കണക്ഷൻ ഉപഭോക്താക്കൾ വൻതോതിൽ തിരികെ നൽകി. എഫ്.ടി.ടി.എച്ച് (ഫൈബർ ടു ദ ഹോം) സറണ്ടർ ചെയ്യുന്ന പ്രവണതയും കൂടുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി. രണ്ടാമതൊരു വി.ആർ.എസ് കമ്പനിയെ നാശത്തിലേക്ക് നയിക്കും. സി.എം.ഡിക്ക് നിവേദനം നൽകാനും ചർച്ചക്ക് അവസരം തേടാനും യോഗം തീരുമാനിച്ചു.
എക്സിക്യൂട്ടിവ് വിഭാഗത്തിലുള്ളവർക്ക് ദൈനംദിന പ്രവർത്തനം രേഖപ്പെടുത്താൻ ‘ഡയറി റൈറ്റിങ് ആപ്’ ഏർപ്പെടുത്തുന്നതിനെ ശക്തമായി എതിർക്കാനും തീരുമാനിച്ചു. ഡയറി എഴുതാത്ത എക്സിക്യൂട്ടിവുകൾക്ക് പിറ്റേന്ന് അറ്റൻഡൻസ് ലഭിക്കില്ലെന്നും ഇത് സ്വാഭാവികമായും അന്നത്തെ വേതനം നഷ്ടപ്പെടാനിടയാക്കുമെന്നുമാണ് വ്യവസ്ഥ. ഈ വിഷയവും സി.എം.ഡിയുമായി ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.