ആലങ്ങാട്: വിവാഹിതയും നാല് കുട്ടികളുടെ അമ്മയുമായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ സി.പി.ഐ നേതാവിനെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ ആലങ്ങാട് ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി ഷാൻജി അഗസ്റ്റി (ഷാജി - 47) നെതിരെയാണ് യുവതി ആലുവ (ആലങ്ങാട്) വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. നീറിക്കോട് മനേലി പൊക്കത്ത് വാടകക്ക് താമസിക്കുകയാണ് ഷാൻജി അഗസ്റ്റിൻ.യുവതിയുടെ കുടുംബ പ്രശ്നത്തിൽ ഇടപെട്ടാണ് ഇവർ തമ്മിൽ അടുപ്പത്തിലായത്. അഞ്ചു വർഷത്തോളമായി ഇവർ തമ്മിൽ പ്രണയത്തിലായിട്ട്.
ആലങ്ങാട് കോട്ടപ്പുറം അക്വാസിറ്റി ഫ്ലാറ്റ്, അങ്കമാലിയിലെ ഒരു ഹോട്ടൽ, ഇയാളുടെ വീട് തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ചതായി യുവതി പൊലീസിൽ മൊഴി നൽകി. പല തവണകളായി ഒരു ലക്ഷത്തോളം രൂപ യുവതിയിൽനിന്ന് ഇയാൾ വാങ്ങിയതായും മൊഴി നൽകിയിട്ടുണ്ട്. നിരവധി തവണ യുവതിയെ ഷാൻജി ശാരീരികമായി ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കാറിൽ സഞ്ചരിക്കുന്നതിനിടയിൽ കൈയിൽ കടിക്കുകയും യുവതിയുടെ കഴുത്തിൽ ഷാളിട്ട് മുറുക്കി അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് ഇവർ പരാതി നൽകിയത്. വിവാഹ വാഗ്ദാനത്തിൽനിന്ന് ഇയാൾ പിൻമാറിയതോടെ ഞായറാഴ്ച രാവിലെ യുവതി ഇയാളുടെ വീട്ടിൽ ചെന്ന് ബഹളമുണ്ടാക്കുകയും കാറിന്റെ ചില്ല് തകർക്കുകയും ചെയ്തു.
ഇതേ തുടർന്നാണ് പൊലീസ് കേസിൽ ഇടപെട്ടത്. ഷാൻജിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തെങ്കിലും പിന്നീട് ഇയാളെ വിട്ടയച്ചത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. തുടർന്നാണ് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്താൻ തയാറായത്.
പൊലീസ് കേസെടുത്തതിന് ശേഷം ആലുവ ജില്ല ആശുപത്രിയിൽ യുവതിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. രണ്ടര വയസ്സ് പ്രായമുള്ള രണ്ട് കുട്ടികൾ ഇയാളുടേതാെണന്നും ഡി.എൻ.എ ടെസ്റ്റ് നടത്തണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടു. ഇയാൾ വിവാഹിതനും രണ്ട് മക്കളുടെ പിതാവുമാണ്. കണ്ണൂർ ഇരിട്ടി സ്വദേശിയായ ഷാൻജി അഗസ്റ്റിൻ 2020ൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി ആലങ്ങാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ മത്സരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.