വയനാട് ഉരുൾദുരന്തം അടക്കം മനസ്സുകളിൽ ആശങ്കളുടെ കാര്‍മേഘങ്ങള്‍ കനംതൂങ്ങുമ്പോഴും പ്രതീക്ഷയോടെ ചിങ്ങപ്പുലരിയെയും തിരുവോണനാളുകളെയും വരവേൽക്കുകയാണ് മലയാളി. മലനാടിന്റെ മണ്ണില്‍ മഴ പെയ്തുതോര്‍ന്നാല്‍ പിന്നെ ചിങ്ങവെയിലിന്റെ പൂക്കാലമായി. കര്‍ക്കടകം രാമായണ ശീലുകളായി അഭിഷേകമാടിയ തൊടിയിലും മുറ്റത്തും പൂമൊട്ടുകള്‍ വിരിഞ്ഞു തുടങ്ങി. അങ്ങനെ കര്‍ക്കടകം സമ്മാനിച്ച വറുതിയുടെ നാളുകള്‍ മറന്ന് പൊന്നിന് ചിങ്ങത്തെ വരവേല്‍ക്കുകയാണ് ഏവരും. നെല്മണികളാല് പറ നിറയുന്ന കാലം കൂടിയാണിത്. എന്നാല്‍, ഗൃഹാതുരമായ ഒരു നല്ല കാലത്തിന്റെ ഓര്‍മകള്‍ മാത്രമാണിപ്പോള്‍ പത്തായം നിറക്കൽ. വിശേഷണങ്ങള്‍ ഏറെയാണ് ഈ ഓണക്കാലത്തിന്.
മണ്ണറിഞ്ഞ് വിളവിറക്കുന്ന കര്ഷകന് പ്രതീക്ഷക്ക് വകയില്ലാത്ത നാളുകളാണ് കടന്നുപോയത്. കാലാവസ്ഥ മാറ്റവും കൊടുംവേനലും അതിതീവ്രമഴയും നഷ്ടങ്ങളുടെ ബാക്കിപത്രമാണ് സമ്മാനിച്ചത്. കണ്ണീരായിരുന്നു സമ്പാദ്യം. കൃഷി രീതിയൊന്ന് മാറ്റിപ്പിടിച്ചവർക്കും അത് വലിയ തിരിച്ചടിയായി. എങ്കിലും വിളഞ്ഞുതുടങ്ങിയ പച്ചക്കറികളെല്ലാം ഓണനാളില്‍ പാകമായി നാക്കിലയിലെത്തും. നാവിന് തുമ്പില്‍ പുതിയ രുചിമുകുളങ്ങള്‍ തീര്‍ക്കും.
മാവേലിയെ വരവേല്‍ക്കാന്‍ പൂക്കളും നാടുനിറയെ വിടരുന്ന നാളുകളാണ് ഇനി. അത്തം തുടങ്ങി തിരുവോണം വരെയുള്ള 10 നാളുകളിൽ മാവേലിയെ വരവേല്‍ക്കാനാണ് ഓരോവീട്ടിലും പൂക്കളമൊരുക്കുന്നത്.
ഗൃഹാതുരമായ ഓർമകളിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ് ഓണം. ചിങ്ങമാസത്തിന്റെ അവസാന നാളുകളിലാണ് ഇക്കുറി തിരുവോണം. തിരിമുറിയാതെ മഴപെയ്തിരുന്ന കർക്കടകത്തിന്റെ ദുരിതങ്ങൾ മലയാളി മറക്കാൻ തുടങ്ങുന്ന കാലം. ഊഞ്ഞാലേറിയെത്തുന്ന പൊന്നോണത്തിന് മാറ്റുകൂട്ടാൻ സർവമേഖലകളും ഒരുക്കം തുടങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.