അതിരപ്പിള്ളി: മദ്യലഹരിയിലുണ്ടായ വഴക്കിനെ തുടർന്ന് യുവാവിനെ സഹോദരൻ വെട്ടിക്കൊന്നു. ആനപ്പാന്തം ശാസ്താംപൂവം ഉന്നതിയിലെ സത്യനാണ് (40) കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ചന്ദ്രമണിയെ അതിരപ്പിള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിരപ്പിള്ളി കണ്ണങ്കുഴിയിൽ ഉൾവനത്തിലെ വടാട്ടുപ്പാറ ഭാഗത്ത് ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. ശാസ്താംപൂവം ഉന്നതിയിലുള്ള ഇവർ വനവിഭവങ്ങൾ ശേഖരിക്കാനായി കുറച്ചു നാളുകളായി വടാട്ടുപ്പാറയിൽ കുടുംബസമേതം കുടിൽകെട്ടി താമസിക്കുകയായിരുന്നു.
മദ്യപിച്ചുണ്ടായ വഴക്കിൽ ഉന്തും തള്ളുമുണ്ടായതോടെ ചന്ദ്രമണി വെട്ടുകത്തി കൊണ്ട് അനുജനെ വെട്ടുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ചന്ദ്രമണിയുടെ ഭാര്യ മായക്കും വെട്ടേറ്റു. മരിച്ച സത്യന്റെ ഭാര്യ ലീല കാട്ടിൽനിന്ന് നടന്നെത്തി വനപാലകരെ അറിയിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
കഴുത്തിൽ വെട്ടേറ്റ മായയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കഴുത്തിൽ എട്ട് തുന്നലുകളുണ്ട്. തുടർന്ന് ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാത്രിയോടെ സത്യന്റെ മൃതദേഹം കാട്ടിൽനിന്ന് പുറത്തെത്തിച്ചു. അതിരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.