ശാസ്താംകോട്ട: കെ.എസ്.ആർ.ടി.സി ബസിൽ വിദ്യാർഥിനിയെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാർഥിനിയും പിതാവും ചേർന്ന് ഇരുവരെയും തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. തൃശൂർ കൊരട്ടി പടിഞ്ഞാറേക്കര വിനോദ് (36), താഴത്തതിൽ കല്ലുംപുറം അജി (32) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകീട്ട് 5.15ന് കരുനാഗപ്പള്ളിയിൽനിന്നു കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന വേണാട് ബസിലാണ് സംഭവം. കരുനാഗപ്പള്ളി സ്റ്റാൻഡിൽനിന്ന് ബസ് പുറപ്പെട്ടപ്പോൾ മുതൽ മദ്യലഹരിയിലായിരുന്ന യുവാക്കൾ വിദ്യാർഥിനിയെ ശല്യപ്പെടുത്താൻ തുടങ്ങി. ആംഗ്യഭാഷയിൽ അശ്ലീലം കാട്ടുകയും അശ്ലീലചുവയോടെ സംസാരിക്കുകയും ചെയ്ത യുവാക്കളിൽ ഒരാൾ പെൺകുട്ടിക്ക് ഒപ്പം സീറ്റിൽ ഇരുന്ന് ശല്യപ്പെടുത്തി. ഒരാൾ മൊബൈൽ ഫോണിൽ വിദ്യാർഥിനിയുടെ ചിത്രങ്ങളും പകർത്തി. ഇതു ചോദ്യം ചെയ്ത വിദ്യാർഥിനിയെ മർദിക്കാൻ ശ്രമിച്ചതായും സംഭവം അറിഞ്ഞിട്ടും ബസ് ജീവനക്കാർ ഇടപെട്ടില്ലെന്നും പരാതിയുണ്ട്.
മറ്റു യാത്രക്കാരും പ്രതികരിക്കാൻ തയാറായില്ല. ഇതിനിടെ വിദ്യാർഥിനി പിതാവിനെ ഫോണിലൂടെ വിവരമറിയിച്ചു. പെൺകുട്ടി ഇറങ്ങേണ്ട സ്ഥലമായ ശാസ്താംകോട്ട കോടതിമുക്കിൽ എത്തിയപ്പോൾ കാത്തുനിന്ന പിതാവ് ബസിൽ കയറി യുവാക്കളെ തടഞ്ഞുവെച്ചു. ബസ് ജീവനക്കാർ ശാസ്താംകോട്ട പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് ഭരണിക്കാവ് ജങ്ഷനിലെത്തിയ ബസിൽനിന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.