തിരുവനന്തപുരം: കോവളത്ത് ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയ യു.എസ് പൗരൻ ഇർവിൻ ഫോക്സിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. ഇക്കാര്യത്തിൽ സർക്കാർ അമേരിക്കൻ എംബസിയുമായി ബന്ധപ്പെടും. ഇർവിൻ ഫോക്സിന്റെ ആരോഗ്യസ്ഥിതിയും അറിയിക്കും. പരസഹായമില്ലാതെ നടക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇർവിൻ ഫോക്സ്. ഇക്കാര്യവും സർക്കാർ അറിയിക്കും.
കഴിഞ്ഞ ദിവസം കോവളത്താണ് വയോധികനായ അമേരിക്കൻ സ്വദേശിയെ ഉറുമ്പരിച്ച നിലയിൽ കണ്ടെത്തി. കോവളം പീകോക്ക് റോഡിലെ സ്വകാര്യ ലോഡ്ജിൽ താമസിച്ചുവന്ന ഇർവിൻ ഫോക്സിനെയാണ് (80) ഉറുമ്പരിച്ച നിലയിൽ കണ്ടെത്തിയത്.
കൊല്ലം വള്ളിക്കാവ് മാതാ അമൃതാനന്ദമയി മഠത്തിലെ അന്തേവാസിയായ ഇയാൾ ഇക്കഴിഞ്ഞ മാർച്ച് മുതൽ കോവളത്ത് താമസിച്ച് വരികയായിരുന്നു. പ്രായാധിക്യം കൊണ്ട് കിടപ്പിലായ ഇയാൾക്ക് മറ്റൊരു വിദേശിയായിരുന്നു സഹായത്തിനുണ്ടായിരുന്നത്. വാർധക്യസഹജമായ രോഗങ്ങൾക്ക് തിരുവനന്തപുരം, നെയ്യാറ്റിൻകര എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സിച്ചിരുന്നു.
സഹായി ശ്രീലങ്കയിൽ പോയതോടെ ഇയാൾ ഒറ്റക്കാകുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി പൂർണമായും കിടപ്പിലായ വയോധികന് ആഹാരവും മരുന്നും നൽകാൻപോലും ആരുമില്ലാത്ത അവസ്ഥയായിരുന്നെന്നാണ് കരുതുന്നത്. ഇതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോവളം പൊലീസ് സ്റ്റേഷനിൽനിന്ന് ബീറ്റിനെത്തിയ ടി. ബിജു, പ്രീതാലക്ഷ്മി എന്നിവർ ദുരിതാവസ്ഥ കണ്ടതും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.