കളമശ്ശേരി സ്ഫോടനക്കേസിൽ യു.എ.പി.എ ഒഴിവാക്കിയത് പിണറായി സർക്കാറിന്റെ ഇരട്ടത്താപ്പ് -റസാഖ് പാലേരി

തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെതിരെ ചാർത്തപ്പെട്ട യു.എ.പി.എ വകുപ്പ് പിൻവലിക്കാൻ തീരുമാനിച്ചതിലൂടെ സർക്കാറിന്റെ ഇരട്ടത്താപ്പാണ് വെളിപ്പെട്ടതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. കേരളം എത്രത്തോളം ഇസ്ലാമോഫോബിയക്ക് വിധേയപ്പെട്ടു എന്ന് തെളിയിച്ച സംഭവത്തിന് ഒരു വർഷം തികയുമ്പോഴാണ് പ്രതിക്കെതിരെ ചുമത്തിയ യു.എ.പി.എ ഒഴിവാക്കിയ വിവരം പുറത്തുവരുന്നത്. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും ഒരു കുട്ടിയും കൊല്ലപ്പെടുകയും അമ്പതോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ തീവ്രവലതുപക്ഷ ആശയക്കാരനായ ഡൊമിനിക് മാർട്ടിനെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. കാസ പോലുള്ള വർഗീയ സംഘങ്ങളുടെയും സംഘ്പരിവാറിന്റെയും പങ്കിനെയും ഗൂഢാലോചനയെ കുറിച്ചും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടെങ്കിലും പൊലീസും സർക്കാരും ഇതേ വരേക്കും അതിനു തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം കണ്ട ഏറ്റവും വലിയ ഭീകരാക്രമണ കേസിൽ യു.എ.പി.എ ഒഴിവാക്കാനുള്ള സംസ്ഥാന സർക്കാറിന്റെ ശുഷ്‌കാന്തിക്ക് പിന്നിൽ എന്താണെന്നറിയേണ്ടതുണ്ട്. മാവോയിസ്റ്റ് അനുകൂല പുസ്തകങ്ങളും ലഘുലേഖകളും കൈവശം വെച്ചെന്നാരോപിച്ച് രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ യു.എ.പി.എ ചുമത്തി മാസങ്ങളോളം ജാമ്യം കൊടുക്കാതെ തടവറയിലിട്ട് പീഡിപ്പിച്ച സർക്കാറാണിത്. പ്രതിയുടെത് മുസ്‌ലിം പേരാണെങ്കിൽ യു.എ.പി.എ ചുമത്തുന്ന നിലപാടാണ് സംസ്ഥാന സർക്കാർ ഇക്കാലമത്രയും തുടർന്നുപോന്നിട്ടുള്ളത്.

പ്രതികളുടെ പ്രാഥമിക അവകാശങ്ങൾ ഹനിക്കുന്ന ഒരു ജനാധിപത്യ വിരുദ്ധ നിയമം എന്ന നിലയിൽ യു.എ.പി.എ നിയമത്തിന് വെൽഫെയർ പാർട്ടി എതിരാണ്. എന്നാൽ അത് പ്രയോഗിക്കുന്നിടത്ത് ഒരു സംസ്ഥാന സർക്കാർ രണ്ട് തരം സമീപനം പുലർത്തുന്നതിനെ ചോദ്യം ചെയ്യാതിരിക്കാനാവില്ല. സംസ്ഥാന സർക്കാരിന്റെ ആർ.എസ്.എസ് ബന്ധത്തെ കുറിച്ച് ഭീകരമായ വെളിപ്പെടുത്തലുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം എന്നതും ദുരൂഹത ഉയർത്തുന്നു. കളമശേരി സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും ഡൊമിനിക് മാർട്ടിനെയും രക്ഷിച്ചെടുക്കാനാണ് നീക്കമെങ്കിൽ അതിനെ ശക്തമായി ചോദ്യംചെയ്യും. കൊല്ലപ്പെട്ട യഹോവ സാക്ഷികൾക്ക് നീതി ലഭ്യമാക്കുകയും ഭീകരതക്ക് പിന്നിലുള്ള സംഘങ്ങൾക്കെതിരെ നിയമപരമായ നടപടികൾ കൈക്കൊള്ളുകയും വേണമെന്നും റസാഖ് പാലേരി ആവശ്യപ്പെട്ടു.

Tags:    
News Summary - avoiding UAPA in Kalamassery blast case Pinarayi government's double standard - Rasaq Paleri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.