ആയിഷ സുൽത്താനയെ വീണ്ടും ചോദ്യം ചെയ്​തു; ലാപ​്​ടോപ്​ പിടി​ച്ചെടുത്തു

കൊച്ചി: ചാനൽ ചർച്ചയിലെ പരാമർശത്തിൻെറ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സിനിമപ്രവർത്തക ആയിഷ സുൽത്താനയെയും സഹോദരനായ പ്ലസ് ടു വിദ്യാർഥിയെയും കവരത്തി പൊലീസ് കൊച്ചിയിലെത്തി ചോദ്യം ചെയ്തു. കാക്കനാട് വാടകക്ക് താമസിക്കുന്ന ഫ്ലാറ്റിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥർ ലാപ്ടോപ്പും പിടിച്ചെടുത്തു. മുൻകൂട്ടി അറിയിക്കാതെയാണ് ഉദ്യോഗസ്ഥർ എത്തിയതെന്നും അനുജൻ സമ്മാനമായി നൽകിയ ലാപ്ടോപ്പാണ് കൊണ്ടുപോയതെന്നും ആയിഷ ചോദ്യം ചെയ്യലിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ലോക്കൽ പൊലീസ്​ സഹായത്തോടെ കവരത്തി എസ്.ഐയുടെ നേതൃത്വത്തി​െല 16 ഉദ്യോഗസ്ഥരാണ് എത്തിയത്. സിനിമയുടെ ഡബ്ബിങ് ജോലിക്കിടെ തനിക്ക് ഓടിവരേണ്ടിവന്നു. പാസ്പോർട്ട് പരിശോധിച്ച് തിരികെ നൽകി. മൊബൈൽ ഫോണും ലാപ്ടോപ്പും വാങ്ങാൻ അനുജന് എവിടെനിന്നാണ് പണം ലഭിച്ചതെന്ന് ചോദിച്ചു. ലക്ഷദ്വീപ് വെറ്ററിനറി വകുപ്പിൽ ജോലി ചെയ്തിരുന്ന പിതാവ് കുഞ്ഞിക്കോയയുടെ മരണശേഷം ലഭിച്ച പണം ത​െൻറയും ഉമ്മയുടെയും അക്കൗണ്ടിലാണുള്ളതെന്നും അത് ഉപയോഗിച്ചാണ് വാങ്ങിയതെന്നും അനുജൻ മറുപടി നൽകി. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ അനുജ​െൻറ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.

ഓൺ ചെയ്തപ്പോൾ ത​െൻറ പേര് കണ്ടതോടെയാണ് അവർ ലാപ്ടോപ് കൊണ്ടുപോകാൻ തീരുമാനിച്ചത്. നിലവിൽ ഈ ലാപ്ടോപ് ഉപയോഗിച്ചായിരുന്നു അനുജൻ ഓൺലൈൻ ക്ലാസിൽ പങ്കെടുത്തിരുന്നത്. കവരത്തിയിലെ ചോദ്യം ചെയ്യലിൽ ആരാഞ്ഞ കാര്യങ്ങൾ തന്നോട് വീണ്ടും ചോദിച്ചു. അന്ന് താൻ പറഞ്ഞതൊക്കെ ശരിയാണോ എന്നറിയാനാണ് അനുജനെ ചോദ്യം ചെയ്തത്. മുമ്പ് പിടിച്ചെടുത്ത ഫോൺ തിരികെ നൽകിയിട്ടില്ല.

പരമാവധി ബുദ്ധിമുട്ടിക്കുകയെന്നത് ചിലരുടെ അജണ്ടയുടെ ഭാഗമാണെന്നും ആയിഷ ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന കോടതി നിർദേശം പൂർണമായും പാലിക്കും. അറിയാതെ വായിൽനിന്ന്​ വീണുപോയ ഒരുവാക്കിെൻറ പേരിലാണ് കേസ് നേരിടേണ്ടി വരുന്നതെന്നും ആയിഷ കൂട്ടിച്ചേർത്തു. കൊച്ചിയിൽ തങ്ങുന്ന ഉദ്യോഗസ്ഥർ വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.

Tags:    
News Summary - Aisha Sultana questioned again, laptop seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.