തൃശൂർ: തൃശൂരിൽ സിറ്റിങ് സീറ്റിൽ ബി.ജെ.പി സംസ്ഥാന വക്താവും പാർട്ടിയുടെ മേയർ സ്ഥാനാർഥിയായ ബി. ഗോപാലകൃഷ്‌ണൻ 186 വോട്ടുകൾക്ക് പരാജയപ്പെട്ടത് പാർട്ടിയിൽ പൊട്ടിത്തെറിക്കിടയാക്കും. കുട്ടൻകുളങ്ങര ഡിവിഷനിൽ നിന്നാണ് ഗോപാലകൃഷ്‌ണൻ മത്സരിച്ചത്. ബി.ജെ.പിക്കുള്ളിലെ ചേരിപ്പോരാണ് ഗോപാലകൃഷ്‌ണൻ പരാജയപ്പെടാൻ കാരണമെന്നാണ് സൂചന. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോപാലകൃഷ്ണെൻറ സ്ഥാനാർഥിത്വം തടയുകയെന്ന ലക്ഷ്യത്തോടെ ബി.ജെ.പിയിലെ പ്രബല വിഭാഗം വോട്ടുമറിച്ചതായി പാർട്ടിക്കുള്ളിൽ സംസാരമുണ്ട്.
നഗരസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗോപാലകൃഷ്ണന് താൽപര്യമില്ലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, തൃശൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതാവ് തന്നെ മല്‍സരിക്കണമെന്ന ആര്‍.എസ്.എസ് നിർദേശത്തിെൻറ അടിസ്ഥാനത്തിലാണ് ഗോപാലകൃഷ്ണന് മത്സരരംഗത്ത് ഇറങ്ങേണ്ടിവന്നത്. ശക്തമായ മല്‍സരം കോര്‍പറേഷനില്‍ കാഴ്ചവയ്ക്കണമെങ്കില്‍ മുതിര്‍ന്ന നേതാവ് തന്നെ വേണമെന്നായിരുന്നു ആർ.എസ്.എസ് നിലപാട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോര്‍പറേഷന്‍ ഡിവിഷനുകളില്‍ പതിനെട്ടു ഡിവിഷനുകളില്‍ ബി.ജെ.പി. ഒന്നാം സ്ഥാനത്തെത്തിയ നേട്ടം വിലയിരുത്തിയാണ് ആർ.എസ്.എസ് ഇത്തരത്തിലൊരു നീക്കം നടത്തിയത്.
ബി.ജെ.പിയുടെ സിറ്റിങ് സീറ്റായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ തോറ്റത് ഗോപാലകൃഷ്ണന് വലിയ തിരിച്ചടിയായി. യു.ഡി.എഫ് സ്ഥാനാർഥി എ.കെ. സുരേഷിനോടാണ് ഗോപാലകൃഷ്‌ണൻ തോൽവി സമ്മതിച്ചത്. ഇവിടെ എൽ.ഡി.എഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തന്നെ തോൽപ്പിക്കാൻ എൽ.ഡി.എഫ്-യു.ഡി.എഫ് ധാരണയുണ്ടായിരുന്നെന്ന് ഗോപാലകൃഷ്‌ണൻ ആരോപിച്ചിരുന്നു. കുട്ടന്‍കുളങ്ങര ഡിവിഷനിലെ നിലവിലുള്ള വനിതാ കൗണ്‍സിലറെ മാറ്റിയതില്‍ ഒരു വിഭാഗം പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്നതിനിടയിലാണ് ഗോപാലകൃഷ്‌ണൻ മത്സരിക്കാനെത്തിയത്. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന്‍ നേരിട്ടെത്തിയാണ് താൽകാലികമായി ഈ പിണക്കത്തിന് അറുതി വരുത്തിയത്. ഗോപാലകൃഷ്ണെൻറ തോൽവി ബി.ജെ.പി ജില്ല ഘടകത്തിലെ ചേരിപ്പോര് രൂക്ഷമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.