പ്രതികളായ ശാന്തി, നാരായണൻ

പിഞ്ചുകുഞ്ഞിനെ തട്ടിയെടുത്തത് ഭിക്ഷാടനത്തിന് വേണ്ടി; കേരളത്തിലേക്ക് വന്നത് കൂടുതൽ പണം കിട്ടുമെന്നതിനാൽ

തിരുവനന്തപുരം: നാഗർകോവിലിൽ നിന്ന് നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത സംഭവം ഭിക്ഷാടനത്തിന് വേണ്ടിയെന്ന് പൊലീസ്. കുഞ്ഞിനെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തി പണമുണ്ടാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. കുട്ടിയെ തട്ടിയെടുത്ത് കേരളത്തിലേക്ക് കടത്തിയ രണ്ടുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കൂടുതൽ പണം ലഭിക്കുമെന്നതിനാലാണ് തമിഴ്നാട്ടിൽ നിന്ന് തട്ടിയെടുത്ത കുട്ടിയുമായി കേരളത്തിലേക്ക് വന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. പ്രതികൾക്ക് ഭിക്ഷാടന മാഫിയയുമായി ബന്ധമുണ്ടോ, നേരത്തെ മറ്റ് കുട്ടികളെ കടത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കും.

നാഗർകോവിൽ വടശ്ശേരിയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുവന്ന സംഭവത്തിൽ നാഗർകോവിൽ സ്വദേശികളായ നാരായണൻ, ശാന്തി എന്നിവരെയാണ് ചിറയിൻകീഴിൽ നിന്ന് പിടികൂടിയത്. ബസ് സ്റ്റാൻഡിൽ ഉറങ്ങുകയായിരുന്ന നാടോടി ദമ്പതികളുടെ കുഞ്ഞിനെയാണ് തട്ടിയെടുത്തത്. പ്രതികൾ കുഞ്ഞുമായി കേരളത്തിലേക്ക് ട്രെയിൻ കയറുകയായിരുന്നു. കുഞ്ഞിനെ കാണാതായതോടെ തമിഴ്നാട്ടിൽ വ്യാപക അന്വേഷണം നടക്കുന്നതിനിടെയാണ് ചിറയിൻകീഴിൽ നിന്ന് പിടികൂടിയത്.

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ കൈക്കുഞ്ഞുമായി നാടോടികളെ കണ്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ വിവരം ചിറയിൻകീഴ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ ചോദ്യംചെയ്യലിലാണ് കുഞ്ഞിനെ നാഗർകോവിലിൽ നിന്ന് തട്ടിയെടുത്തതാണെന്ന് വ്യക്തമായത്.

കുഞ്ഞിനെയും പ്രതികളെയും ഇന്നലെ തമിഴ്നാട് പൊലീസിന് കൈമാറി. പ്രതികളെ കണ്ടെത്തിയ കേരള പൊലീസിന് നന്ദി രേഖപ്പെടുത്തുന്നതായി കന്യാകുമാരി എസ്.പി ഡി.എൻ. ഹരികിരൺ പറഞ്ഞു. ആശാരിപള്ളം മെഡിക്കൽ കോളജിൽ കുട്ടിയുടെ വൈദ്യപരിശോധന നടത്തി. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ഇന്ന് തന്നെ മാതാപിതാക്കൾക്ക്‌ കൈമാറുമെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - baby kidnapped from nagerokovil for begging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.