ഗാന്ധിനഗർ(കോട്ടയം): നവജാതശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് വീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ആസൂത്രണത്തിനുശേഷമാണ് കുട്ടിയെ കടത്തിയത്. പ്രതിക്ക് ആശുപത്രിക്കുള്ളിൽനിന്ന് ആരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടത്തിയ ആരോഗ്യ വിദ്യാഭ്യാസ ജോയന്റ് ഡയറക്ടർ ഡോ. തോമസ് മാത്യു പറഞ്ഞു. അധികൃതരുടെയോ ജീവനക്കാരുടെയോ ഭാഗത്ത് വീഴ്ചയില്ല. വിശദറിപ്പോർട്ട് ഒരാഴ്ചക്കുള്ളിൽ ആരോഗ്യമന്ത്രിക്ക് കൈമാറും. സുരക്ഷ ശക്തമാക്കുന്നതിനടക്കമുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ടാകുമെന്നാണ് വിവരം.
ആരോഗ്യമന്ത്രിയുടെ നിർദേശാനുസരണം ശനിയാഴ്ച ഉച്ചക്കാണ് ഡോ. തോമസ് മാത്യു മെഡിക്കൽ കോളജിലെത്തിയത്. ഗൈനക്കോളജി വിഭാഗത്തിലെത്തിയ അദ്ദേഹം ശിശുവിന്റെ മാതാവ് അശ്വതി, ഭർത്താവ് ശ്രീജിത്, ഭർതൃമാതാവ് ഉഷ എന്നിവരെ കണ്ട് വിവരം ശേഖരിച്ചു.
തുടർന്ന്, കുട്ടിയെ പരിചരിച്ച വാർഡിലെ നഴ്സിങ് കൗണ്ടർ, നഴ്സറി, ന്യൂ ബോൺ സെൻറർ എന്നിവിടങ്ങളിലും പരിശോധന നടത്തി. സി.സി ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ഇതിൽ വ്യാഴാഴ്ച ഉച്ചക്ക് 2.52ന് ഗൈനക്കോളജി വാർഡിൽ പ്രവേശിച്ച ഇവർ 2.58ന് നവജാത ശിശുവുമായി പോകുന്നത് കാണാം. ഒപ്പം ഉണ്ടായിരുന്ന എട്ട് വയസ്സുകാരനെ പ്രവേശന കവാടത്തിൽ ഇരുത്തിയാണ് വാർഡിൽ പ്രവേശിച്ച് ശിശുവിനെ കൈക്കലാക്കുന്നത്. ശേഷം താഴെ ഇറങ്ങി വന്ന്, കൂടെ കൊണ്ടുവന്ന മകനെ വിളിച്ചുകൊണ്ടുപോകുന്നതും കാണാം.
കുമളി വണ്ടിപ്പെരിയാർ അറുപത്തിരണ്ടാം മൈൽ വലിയ തറയിൽ ശ്രീജിത്-അശ്വതി ദമ്പതികളുടെ രണ്ടുദിവസം പ്രായമായ നവജാത ശിശുവിനെയാണ് നീതു രാജ് (30) തട്ടിയെടുത്തത്. ഗാന്ധിനഗർ പൊലീസ് പിടികൂടിയ ഇവർ കോട്ടയം വനിത ജയിലിൽ റിമാൻഡിലാണ്.
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് നവജാതശിശുവിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതു രാജിന്റെ സുഹൃത്ത് കളമശ്ശേരി എച്ച്.എം.ടി കോളനി വാഴയിൽ ഇബ്രാഹീം ബാദുഷ (28) റിമാൻഡിൽ. പണം തട്ടിയതിനും നീതുവിനെയും മകനെയും മർദിച്ചതിനുമാണ് അറസ്റ്റ്. ഏറ്റുമാനൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ തുടരന്വേഷണം കളമശ്ശേരി പൊലീസിന് കൈമാറും. മർദനവും പണം വാങ്ങലും കളമശ്ശേരിയിൽ നടന്ന സംഭവമായതിനാലാണ് അത്. രേഖകൾ ഗാന്ധിനഗർ പൊലീസ് കളമശ്ശേരിക്ക് കൈമാറും. 30 ലക്ഷത്തോളം രൂപയും സ്വർണവും തട്ടിയെടുത്തെന്ന് നീതു പരാതി നൽകിയിരുന്നു. കുട്ടിയെയും തന്നെയും മർദിച്ചിരുന്നതായി പരാതിയിലുണ്ട്. കുട്ടിയെ തട്ടിയെടുത്ത സംഭവവുമായി ഇയാൾക്ക് ബന്ധമില്ലെങ്കിലും മർദനം അന്വേഷിക്കും.
അതിനിടെ, തെളിവെടുപ്പിന് നീതുവിനെ കസ്റ്റഡിയിലാവശ്യപ്പെട്ട് കോടതിയിൽ തിങ്കളാഴ്ച പൊലീസ് അപേക്ഷ നൽകും. നീതുവിനെതിരെ 10 വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. മനുഷ്യക്കടത്ത്, ആൾമാറാട്ടം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഒറ്റക്കാണ് നീതു കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.
ഗാന്ധിനഗർ: നിറയെ സ്നേഹസമ്മാനങ്ങളേറ്റുവാങ്ങി അമ്മയുടെ മാറിൽചേർന്ന് കുഞ്ഞ് അജയ്യ മെഡി. കോളജ് ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് മടങ്ങി. ശനിയാഴ്ച വൈകീട്ട് 3.30നാണ് അശ്വതിയും മകൾ അജയ്യയും ആശുപത്രി വിട്ടത്. ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ, എസ്.ഐ ടി.എസ്. റെനീഷ് എന്നിവർ ആശുപത്രിയിലെത്തി കുഞ്ഞിന് പുതുവസ്ത്രങ്ങളും മറ്റ് സമ്മാനങ്ങളും നൽകി.
തുടർന്ന് അശ്വതിയുടെ സഹോദരൻ ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെത്തി മധുരപലഹാരങ്ങൾ വിതരണംചെയ്തു. ദമ്പതികളുടെ മൂത്ത മകൾ അലംകൃതയും മറ്റു കുടുംബാംഗങ്ങളും ആശുപത്രിയിൽ എത്തിയിരുന്നു. മെഡിക്കൽ കോളജ് അധികൃതർ, പൊലീസ്, ടാക്സി ഡ്രൈവർ അലക്സ് സെബാസ്റ്റ്യൻ എന്നിവർക്ക് പ്രത്യേകം നന്ദി അറിയിച്ചാണ് അശ്വതി മടങ്ങിയത്. പരീക്ഷണങ്ങളെ അതിജീവിച്ച് തിരിച്ചെത്തിയതിനാലാണ് കുഞ്ഞിന് അജയ്യ എന്ന് പേരിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.