തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ അഞ്ചുദിവസം പ്രായമുള്ള പെൺകുഞ്ഞ്. ബുധനാഴ്ച രാത്രി 8.55നാണ് 2.7 കിലോ ഭാരമുള്ള കുരുന്നിനെ ലഭിച്ചത്. കുഞ്ഞിന് ‘കേരളീയ’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അറിയിച്ചു. നവീകരിച്ച അമ്മത്തൊട്ടിലിൽ ലഭിക്കുന്ന ഏഴാമത്തെ കുട്ടിയാണ് കേരളീയ. അമ്മത്തൊട്ടിലിൽനിന്നുള്ള സൈറൺ മുഴങ്ങിയതോടെ ആയമാരും നഴ്സുമാരും ഓടിയെത്തി. അരുൺഗോപി നേരിട്ടെത്തി കുട്ടിയുടെ ആരോഗ്യ പരിശോധനകൾക്ക് നിർദേശം നൽകി. രാത്രി 9.30ന് കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെത്തിച്ചു.
ഡോക്ടറുടെ നിർദേശാനുസരണം തുടർചികിത്സയിലാണ്. ശിശുക്കളെ സർക്കാറിന്റെ പരിരക്ഷക്ക് നൽകാനെത്തുന്നവരുടെ സ്വകാര്യത ഉറപ്പുവരുത്താൻ ഇപ്പോഴുള്ള അമ്മത്തൊട്ടിലുകൾ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും. ജില്ലകളിൽ സ്പോൺസർമാരുടെ സഹായത്തോടെ മാറ്റി സ്ഥാപിക്കാവുന്ന കൂടുതൽ അമ്മത്തൊട്ടിലുകൾ സ്ഥാപിക്കും. ഹൈടെക്കല്ലാത്ത അമ്മത്തൊട്ടിലുകൾ 10 ലക്ഷത്തിലധികം രൂപ ചെലവഴിച്ച് ഹൈടെക്കാക്കും. കുഞ്ഞിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികളുണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തരമായി ബന്ധപ്പെടണമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.