കാഞ്ഞങ്ങാട്: സംസ്ഥാന രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ പെരിയ കല്യോട്ട് ഇരട്ട കൊലക്കേസിൽ നാളെ വിധി. 28ന് കോടതി വിധി പറയുന്നത് മുൻനിർത്തി പൊലീസ് കനത്ത മുൻകരുതൽ നടപടി സ്വീകരിക്കും. പെരിയയിലും കല്യോട്ടുമടക്കം മുൻകരുതൽ സ്വീകരിക്കാൻ രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്യോട്ടെ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസില്‍ എറണാകുളം സി.ബി.ഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ വിധി ഇരുപക്ഷത്തിനും അനുകൂലമായാലും പ്രതികൂലമായാലും സംഘർഷ സാധ്യത കണക്കിലെടുത്താണ് മുൻകരുതൽ നടപടിക്ക് നിർദേശമുള്ളത്. വിധിക്ക് പിന്നാലെ ഇരു വിഭാഗവും ആഹ്ലാദ പ്രകടനത്തിനും പ്രതിഷേധത്തിനും തുനിഞ്ഞേക്കുമെന്നാണ് കരുതുന്നത്.
കേസിൽ പ്രതികളായി സി.പി.എമ്മിന്റെ പ്രധാന നേതാക്കളും ജനപ്രതിനിധികളുമുണ്ട്. മുന്‍ എം.എല്‍.എയും സി.പി.എം ജില്ല സെക്രേട്ടറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം മുന്‍ ഉദുമ ഏരിയ സെക്രട്ടറിയുമായ കെ. മണികണ്ഠന്, മുന്‍ പെരിയ ലോക്കല്‍ സെക്രട്ടറി എന്‍. ബാലകൃഷ്ണന്, മുന്‍ പാക്കം ലോക്കല്‍ സെക്രട്ടറി രാഘവന് വെളുത്തോളി ഉൾപ്പെടെ 24 പേർ പ്രതികളായുണ്ട്. മുന്‍ ലോക്കൽ കമ്മിറ്റിയംഗം എ. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. 2019 ഫെബ്രുവരി 17നായിരുന്നു കൊലപാതകം.
ഇരട്ട കൊലപാതകത്തിന് ശേഷം വ്യാപക സംഘർഷവും പ്രതിഷേധവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് വിധി വരുന്ന ദിവസവും പൊലീസ് മുൻകരുതൽ നടപടി ശക്തമാക്കുന്നത്. പെരിയയിലും കല്യോട്ടും പൊലീസ് നിരീക്ഷണം ശക്തമാക്കും. കേസിൽ പ്രതികളായിട്ടുള്ളവരുടെയും പരാതിക്കാരുടെയും പ്രദേശങ്ങളിലും പൊലീസ് നിരീക്ഷണത്തിന് നിർദേശമുണ്ട്.
അടുത്ത മണിക്കൂറിൽ തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന് കൂടുതൽ കർശന മുൻകരുതലുണ്ടാകും. കോൺഗ്രസ് നേതാവായിരുന്ന അഡ്വ. സി.കെ. ശ്രീധരൻ പിന്നീട് സി.പി.എം പക്ഷത്തെത്തുകയും ഈ കേസിലെ പ്രതികൾക്ക് വേണ്ടി ഹാജരാവുകയും ചെയ്ത സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത് വരുകയും ചെയ്തിരുന്നു. വിധി ദിവസം പ്രദേശങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.