ബേക്കല്‍: അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റ് രണ്ടാം പതിപ്പ് ഡിസംബര്‍ 22ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്യും. ബേക്കലിനെയും പരിസര പ്രദേശങ്ങളെയും ലോകത്തിനുമുന്നില്‍ വീണ്ടും അടയാളപ്പെടുത്തുന്ന ബേക്കല്‍ ഫെസ്റ്റിന്റെ രണ്ടാംപതിപ്പില്‍ കലാപരിപാടികളും എക്സ്പോയും വിപണനമേളയും ഒരുക്കും.
ജില്ലയുടെ തനത് കലാരൂപങ്ങളും പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്നും മേളയുടെ ആകര്‍ഷകമാകും. ഉദ്ഘാടനത്തിന് മുന്നോടിയായി പിലാത്തറ ലാസ്യ കോളജ് ഒരുക്കുന്ന വെല്‍ക്കം ഡാന്‍സ് അരങ്ങേറും. ഡിസംബര്‍ 31ന് പുതുവര്‍ഷത്തെ വരവേല്‍ക്കാനായി ആഘോഷ പരിപാടികളൊരുക്കും.
രണ്ടു വേദികളിലായാണ് കലാപരിപാടികള്‍. പ്രധാന വേദിയില്‍ വിഖ്യാത കലാകാരന്മാരുടെ കലാവിരുന്ന് പ്രധാന ആകര്‍ഷണമാവും. ഡിസംബര്‍ 22ന് തൈക്കുടം ബ്രിഡ്ജ് നയിക്കുന്ന മ്യൂസിക് ഷോ, 23ന് ശിവമണി, പ്രകാശ് ഉള്ള്യേരി, ശരത് എന്നിവര്‍ നയിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ ട്രിയോ, 24ന് കെ.എസ് ചിത്രയുടെയും സംഘത്തിന്റെയും ചിത്രവസന്തം, 25ന് എം.ജി. ശ്രീകുമാറും സംഘവും നയിക്കുന്ന മെഗാ മ്യൂസിക്കല്‍ ഇവെന്റ്, 26ന് ശോഭനയും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് നൈറ്റ്, 27ന് പത്മകുമാറും ദേവും സംഘവും ഓള്‍ഡ് ഈസ് ഗോള്‍ഡ് മ്യൂസിക്കല്‍ മെലഡി, 28ന് സോള്‍ ഓഫ് ഫോക്കുമായി അതുല്‍ നറുകര, 29ന് കണ്ണൂര്‍ ശരീഫും സംഘത്തിന്റെയും മാപ്പിളപ്പാട്ട് നൈറ്റ്, 30ന് ഗൗരിലക്ഷ്മി മ്യൂസിക്കല്‍ ബാൻഡ്, സമാപനദിവസമായ 31ന് റാസാ ബീഗം ഗസല്‍ ഡ്യൂ, ആട്ടം കലാസമിതിയും തേക്കിന്‍കാട് ബാൻഡും അവതരിപ്പിക്കുന്ന മെഗാ ന്യൂയര്‍ നൈറ്റ് എന്നിവ അരങ്ങേറും.
രണ്ടാം വേദി റെഡ് മൂണ്‍ ബീച്ചിലാണ്. കുടുംബശ്രീ പ്രവര്‍ത്തകരുടെയും ഗ്രാമീണ കലാസമിതികളുടെയും പരിപാടികളാണ് വേദി രണ്ടില്‍. ജില്ലയുടെ തനത് കലാരൂപങ്ങളും ഒപ്പന, കൈകൊട്ടിക്കളി തുടങ്ങി വിവിധ കുടുംബശ്രീ പ്രവര്‍ത്തകരുടെ കലാപരിപാടികള്‍ നാലു ദിവസവും ഗ്രാമീണ കലാസമിതിയുടെ പരിപാടി അഞ്ചു ദിവസങ്ങളിലായും നടക്കും. 30 കലാസമിതികളില്നിന്നായി 52 കലാപരിപാടികളാണ് ഗ്രാമീണ കലാസമിതി അവതരിപ്പിക്കുന്നത്.
സാംസ്കാരിക പ്രവര്‍ത്തകരും രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും വിവിധ ദിവസങ്ങളില്‍ സംസാരിക്കും.
അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ ഭാഗമായി ബേക്കല്‍ സ്റ്റേഷനില്‍ ഡിസംബര്‍ 22 മുതല്‍ 31 വരെ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചു. ഒരു മിനിററാണ് നിര്‍ത്തുക. 16159 ചെന്നൈ എഗ്മോര്‍ - മംഗളൂരു, മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസ് (ഡിസംബര്‍ 21 മുതല്‍ 30വരെ, വൈകീട്ട് 5.29/5.30), 16650 നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്സ്പ്രസ് (ഡിസംബര്‍ 22 മുതല്‍ 31വരെ, വൈകീട്ട് (7.47/7.48), 22637 ചെന്നൈ-മംഗളൂരു വെസ്റ്റ്കോസ്റ്റ് (ഡിസംബര്‍ 21 മുതല്‍ 30വരെ, രാവിലെ 3.42/3.43) എന്നിവക്കാണ് താൽക്കാലിക സ്റ്റോപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.